എമര്‍ജന്‍സി റൂമുകള്‍ തകര്‍ച്ചയുടെ വക്കില്‍: തുറന്ന കത്തെഴുതി കാല്‍ഗറിയിലെ ഡോക്ടര്‍മാര്‍ 

By: 600002 On: May 25, 2023, 9:59 AM

 

കാല്‍ഗറിയിലെ എമര്‍ജന്‍സി റൂമുകള്‍ തകര്‍ച്ച നേരിടുന്നുവെന്ന മുന്നറിയിപ്പ് നല്‍കി കാല്‍ഗറിയിലെ ഡോക്ടര്‍മാര്‍. ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ക്ക് കാല്‍ഗറിയിലെ 200 ഓളം എമര്‍ജന്‍സി റൂം ഡോക്ടര്‍മാര്‍ എഴുതിയ തുറന്ന കത്തിലാണ് അത്യഹിത വിഭാഗങ്ങള്‍ തകര്‍ച്ച നേരിടുന്നതായി പറയുന്നത്. രോഗികള്‍ക്ക് സമയബന്ധിതവും ഫലപ്രദവുമായ പരിചരണം നല്‍കാന്‍ തങ്ങള്‍ പാടുപെടുകയാണെന്നും കത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 

എമര്‍ജന്‍സി റൂമുകളില്‍ രോഗികളെ ചികിത്സിക്കാന്‍ മതിയായ ശേഷി ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കത്തില്‍ പറയുന്നു. ''കാല്‍ഗറിയിലെ അത്യാഹിത വിഭാഗങ്ങളിലെ കാത്തിരിപ്പ് സമയം കുതിച്ചുയര്‍ന്നിരിക്കുന്നു. രോഗികള്‍ക്ക് ചിലപ്പോള്‍ ഡോക്ടറെ കാണാനായി 15 മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു. ഓരോ ഷിഫ്റ്റിലും രോഗികളെ കുറിച്ച് വിഷമഘട്ടത്തിലാവുകയാണ് ഡോക്ടര്‍മാര്‍'' - കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനാണ് ഏതൊരു ഡോക്ടറും ആഗ്രഹിക്കുക. എന്നാല്‍ രോഗികള്‍ തിരക്ക് മൂലം ഇടനാഴികളിലും കാത്തിരിപ്പ് മുറികളിലും ഒരുപാട് നേരം കാത്തിരിക്കേണ്ടി വരുന്നത് കാണുന്നത് സങ്കടകരമായ അവസ്ഥയാണെന്ന് ഇആര്‍ ഫിസിഷ്യന്‍ ഡോ. കാറ്റി ലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രവിശ്യയിലുടനീളമുള്ള ആശുപത്രികളില്‍ എല്ലാദിവസവും ഏത് നേരത്തും രോഗികള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 40 നും 50 നും ഇടയില്‍ ആളുകള്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നത് സാധാരണമാണെന്ന് കത്തില്‍ പറയുന്നു. ഇവര്‍ക്ക് പരിചരണം നല്‍കാന്‍ മതിയായ നഴ്‌സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതും സൗകര്യങ്ങള്‍ കുറഞ്ഞതും രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.