2018 ന് ശേഷം ആദ്യമായി കാനഡയും സൗദി അറേബ്യയും നയതന്ത്രബന്ധം പുന:സ്ഥാപിക്കുന്നു;  അംബാസഡര്‍മാരെ നിയമിക്കും 

By: 600002 On: May 25, 2023, 7:44 AM


അഞ്ച് വര്‍ഷത്തിന് ശേഷം കാനഡയും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. 2018 ലെ തര്‍ക്കം മൂലം ബന്ധം വഷളായ രാജ്യങ്ങള്‍ തമ്മില്‍ അടുത്തിടെ നടത്തിയ ചര്‍ച്ചയാണ് മഞ്ഞുരുക്കിയത്. ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനും പരസ്പരം അംബാസഡര്‍മാരെ നിയമിക്കാനും തീരുമാനിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും. 

സൗദിയിലെ വനിതാ അവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് റിയാദിലെ കനേഡിയന്‍ എംബസി പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് 2018 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് കാനഡയിലെ തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിച്ചു. കാനഡയുടെ അംബാസഡറോട് രാജ്യം വിടാനും ആവശ്യപ്പെട്ടു. വ്യാപാര ഇടപാടുകളും റദ്ദാക്കി. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ നവംബറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നടത്തിയ ചര്‍ച്ചയില്‍ പരിഹാരമായി. ബാങ്കോക്കില്‍ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ സമ്മിറ്റിനിടയിലാണ് ഈ ചര്‍ച്ച നടന്നതെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു.