കോളറാഡോ സ്വദേശിയായ ബ്രൂസ് ബ്രൗൺ തന്റെ മകന്റെ മരണത്തിനു കാരണമായ സോഡിയം നൈട്രൈറ്റിന്റെ വില്പന ആഗോളതലത്തിൽ നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ മകനായ ബെന്നെറ്റ് (17) സോഡിയം നൈട്രൈറ്റ് വിഷബാധയേറ്റാണ് മരിച്ചത്. ഒരു പ്രോ-സൂയിസൈഡ് വെബ്സൈറ്റിലൂടെ പരസ്യമാക്കപ്പെട്ട ഈ രാസവസ്തു കാനഡയിൽ നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. ഓന്റാരിയോ സ്വദേശിയായ കെന്നെത്ത് ലോ എന്ന വ്യക്തി സോഡിയം നൈട്രൈറ്റിന്റെ വിൽപനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ്.
2020 ന് ശേഷം ചുരുങ്ങിയത് 51 മരണമെങ്കിലും സോഡിയം നൈട്രൈറ്റ് മൂലം ഉണ്ടായിട്ടുണ്ട്. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വെബ്സൈറ്റുകളിലേയ്ക്കുള്ള പ്രവേശനം നിരോധിക്കാനും ഈ രാസവസ്തു ഓൺലൈനായി വാങ്ങുന്നത് പരിമിതപ്പെടുത്താനും ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകളാണ് അധികാരികൾക്ക് ലഭിക്കുന്നത്. വ്യവസായശാലകളിലെ ഉപയോഗം കണക്കിലെടുത്ത് ഹെൽത്ത് കാനഡ ഈ രാസവസ്തു നിരോധിച്ചിട്ടില്ല, എന്നിരുന്നാലും വിഷബാധയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. ചില യു. എസ്. സ്റ്റേറ്റുകളും യു. കെ. യും സോഡിയം നൈട്രൈറ്റിന്റെ വിൽപന നിയന്ത്രിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സാമൂഹ്യാരോഗ്യം കണക്കിലെടുത്ത് മറ്റ് മാരകമായ വസ്തുക്കളോടൊപ്പം തന്നെ സോഡിയം നൈട്രൈറ്റും നിരോധിക്കണം എന്നാണ് ബ്രൂസ് ബ്രൗണിന്റെ ആവശ്യം.