എയര്‍പോര്‍ട്ടുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ വേരിഫൈഡ് ട്രാവലര്‍ പ്രോഗ്രാം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: May 24, 2023, 10:35 AM

 

സമ്മര്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ വിമാനയാത്രികരുടെ തിരക്കുമേറും. എയര്‍പോര്‍ട്ടുകളില്‍ തിരക്കും ഒപ്പം നീണ്ട ക്യൂവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഇതിനൊരു പരിഹാരമായി പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍. തിരക്ക് നിയന്ത്രിക്കാനും യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുമായി പുതിയ വേരിഫൈഡ്-ട്രാവലര്‍ പ്രോഗ്രാം സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ട്രസ്റ്റഡ്-ട്രാവലര്‍ പ്രോഗ്രാമിന്റെ വിപുലീകരിച്ച പ്രോഗ്രാമാണിത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 നകം രാജ്യത്തെ ഏറ്റവും വലിയ ആറ് വിമാനത്താവളങ്ങളില്‍ പ്രത്യേക സുരക്ഷാ സ്‌ക്രീനിംഗ് ലൈനുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഒമര്‍ അല്‍ഗബ്ര അറിയിച്ചു. വാന്‍കുവര്‍, എഡ്മന്റണ്‍, കാല്‍ഗറി, വിന്നിപെഗ്, ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സ്‌ക്രീനിംഗ് ലൈനുകള്‍ ലഭ്യമാകും. 

NEXUS ലെയും ഗ്ലോബല്‍ എന്‍ട്രിയിലെയും അംഗങ്ങള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ക്രൂ, ആര്‍സിഎംപി, പോലീസ് ഓഫീസര്‍മാര്‍, കനേഡിയന്‍, യുഎസ് മിലിറ്ററിയിലെ അംഗങ്ങള്‍ തുടങ്ങിയ യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തില്‍ പ്രത്യേക സുരക്ഷാ സ്‌ക്രീനിംഗ് ലൈനുകളിലൂടെ കടന്നുപോകാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ ഇവര്‍ക്ക് ലാപ്‌ടോപ്പുകള്‍, വലിയ ഇലക്ട്രോണിക്‌സ്, ജെല്‍ എന്നിവ സുരക്ഷാ സ്‌ക്രീനിംഗ് ചെക്ക്‌പോസ്റ്റുകളില്‍ സൂക്ഷിക്കാന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

സമ്മര്‍ സീസണില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതും കൂടുതല്‍ കാര്യക്ഷമമായ സാങ്കേതിക വിദ്യയുടെ ഉപയോഗം ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ഇത്തവണ സുഗമമായ യാത്ര സാധ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.