ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചു; ഒന്റാരിയോ സ്വദേശിനിക്ക് 12,000 ഡോളര്‍ നഷ്ടമായി 

By: 600002 On: May 24, 2023, 10:09 AM

 

ഒന്റാരിയോയില്‍ ഓണ്‍ലൈന്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ച യുവതി തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റായ കിജിജിയിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ച യുവതിക്ക് 12,000 ഡോളറാണ് നഷ്ടമായത്. സ്‌കാര്‍ബറോയിലെ വിക്ടോറിയ ഗാര്‍സിയ-ഗോമസ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. കിജിജിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ആദ്യമായാണ് ഒരു ക്ലാസിഫൈഡ് വെബ്‌സൈറ്റ് ഉപയോഗിച്ച് വില്‍പ്പന നടത്തുന്നതെന്നും ഗാര്‍സിയ ഗോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

ഗൂഗിള്‍ പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണ്‍ കിജിജിയില്‍ 600 ഡോളറിന് വില്‍ക്കുന്നതായി പോസ്റ്റ് ചെയ്തു. തുടര്‍ന്ന് അത് വാങ്ങിക്കാമെന്ന് അറിയിച്ച് അപരിചതന്‍ സന്ദേശമയച്ചു. പണം മുഴുവന്‍ നല്‍കിയതിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിയാല്‍ മതിയെന്ന് അജ്ഞാതന്‍ പറഞ്ഞു. എന്നാല്‍ വില്‍പ്പന നടപടിക്രമങ്ങള്‍ നടത്താന്‍ തന്റെ ബാങ്ക് ഡീറ്റെയില്‍സ് നല്‍കാന്‍ കിജിജിയുടെ വെബ്‌സൈറ്റില്‍ നിന്നും സന്ദേശം ലഭിച്ചതായി ഗാര്‍സിയ ഗോമസ് പറയുന്നു. വിവരങ്ങള്‍ നല്‍കിയ ഉടന്‍ തന്റെ അക്കൗണ്ടുകളില്‍ നിന്നും പണം ആരോ പിന്‍വലിക്കുന്നതായി ബാങ്ക് അറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 12,000 ഡോളറോളം പണം അക്കൗണ്ടുകളില്‍ നിന്നും നഷ്ടമായതായി കണ്ടെത്തി. 

പണം നഷ്ടമായതിന് പിന്നാലെ ബാങ്ക് ഓഫ് മോണ്‍ട്രിയലിന്(ബിഎംഒ) ഗാര്‍സിയ ഗോമസ് പരാതി നല്‍കി. തങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി ബാങ്ക് അറിയിച്ചു.