ഒന്റാരിയോയില്‍ ലൈസന്‍സ് ലഭിക്കാന്‍ ഇന്റര്‍നാഷണല്‍ എഞ്ചിനിയര്‍മാര്‍ക്ക് കനേഡിയന്‍ വര്‍ക്ക് എക്‌സ്പിരിയന്‍സ് ആവശ്യമില്ല

By: 600002 On: May 24, 2023, 9:41 AM


അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച എഞ്ചിനിയര്‍മാര്‍ക്ക് ഒന്റാരിയോയില്‍ ലൈസന്‍സ് നേടുന്നതിന് കാനഡയിലെ വര്‍ക്ക് എക്‌സ്പിരിയന്‍സ് ആവശ്യമില്ലെന്ന് ലേബര്‍ മിനിസ്റ്റര്‍ മോണ്ട മക്‌നോട്ടണ്‍ അറിയിച്ചു. കുടിയേറ്റക്കാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും തൊഴില്‍ തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് പ്രവിശ്യ നിയമനിര്‍മാണം നടത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച പ്രൊഫഷണല്‍ എഞ്ചിനിയേഴ്‌സ് ഒന്റാരിയോ(PEO) ഒരു അപേക്ഷകന്റെ വര്‍ക്ക് എക്‌സ്പിരീയന്‍സ് ഒഴിവാക്കിയ ആദ്യത്തെ അസോസിയേഷനായി മാറി. ഈ നിയമനിര്‍മാണത്തിന് മുമ്പ്, ലൈസന്‍സ് ലഭിക്കുന്നതിന് തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ആവശ്യമായിരുന്നു. 

പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവിന്റെ 2021 ലെ വര്‍ക്കിംഗ് ഫോര്‍ വര്‍ക്കേഴ്‌സ് ആക്ടിന്റെ ഭാഗമായി, എഞ്ചിനിയര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍ എന്നിവരുള്‍പ്പെടെ 30 ലധികം നോണ്‍-ഹെല്‍ത്ത്-കെയര്‍ ട്രേഡ് തൊഴിലുകള്‍ക്കുള്ള ലൈസന്‍സിംഗ് ബോഡികള്‍ക്ക് അവരുടെ മാനദണ്ഡങ്ങളുടെ പട്ടികയില്‍ നിന്ന് കനേഡിയന്‍ വര്‍ക്ക് എക്‌സ്പീരിയന്‍സ് ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര പരിശീലനം ലഭിച്ച കുടിയേറ്റക്കാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് ഒന്റാരിയോയില്‍ തങ്ങളുടെ തൊഴിലില്‍ ജോലി ചെയ്യുന്നതെന്നും മക്‌നോട്ടണ്‍ പറഞ്ഞു.