ആരോഗ്യ സുരക്ഷാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) കാല്‍ഗറിയിലെ രണ്ട് ജനപ്രിയ ഷവര്‍മ റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ജറുസലേം ഷവര്‍മ റെസ്‌റ്റോറന്റിന്റെ 85 സ്ട്രീറ്റ് എസ്ഡബ്ല്യു, 16 അവന്യു എന്‍ഡബ്ല്യു എന്നീ ലൊക്കേഷനുകളിലുള്ള രണ്ട് റെസ്‌റ്റോറന്റുകളാണ് അടച്ചുപൂട്ടുന്നത്. യാതൊരു പരിശോധനയും കൂടാതെ സുരക്ഷിതമല്ലാത്ത രീതിയില്‍ ഇറച്ചി വില്‍പ്പന നടത്തിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞയാഴ്ച റെസ്റ്റോറന്റുകള്‍ക്ക് സസ്‌പെന്‍ഷന്‍ നോട്ടീസും നല്‍കി. നോര്‍ത്ത്ഈസ്റ്റ് വെയര്‍ഹൗസിനും സസ്‌പെന്‍ഷന്‍ ബാധകമാണ്.
14 ദിവസത്തെക്കാണ് സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ആശങ്കകള്‍ പരിഹരിക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്തതിന് ശേഷം റെസ്റ്റോറന്റുകള്‍ക്ക് പെര്‍മിറ്റിനായി വീണ്ടും അപേക്ഷിക്കാമെന്ന് എഎച്ച്എസ് അറിയിച്ചു.
16 അവന്യുവിലെ റെസ്റ്റോറന്റിനെ സംബന്ധിച്ച് മുമ്പും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. 2019 ല്‍ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എഎച്ച്എസ് അന്വേണം ആരംഭിച്ചിരുന്നു.