മദ്യം കാൻസറിനു കാരണമാകുന്നു, മുന്നറിയിപ്പുള്ള സ്റ്റിക്കർ ഉപയോഗിക്കാൻ അയർലന്റ്

By: 600110 On: May 24, 2023, 4:00 AM

 

 

മറ്റ് ആരോഗ്യ പ്രശനങ്ങളോടൊപ്പം കാൻസർ ബാധയുടെ മുന്നറിയിപ്പുള്ള സ്റ്റിക്കർ മദ്യക്കുപ്പിയിൽ പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി അയർലന്റ് മാറുന്നു. 2026 മെയ് മുതൽ ആണ് ഈ സ്റ്റിക്കർ മദ്യക്കുപ്പികളിൽ പ്രകടമാകുക. ഗർഭകാലത്ത് മദ്യം കഴിക്കുന്നതിന്റെ ദൂഷ്യവശങ്ങളും കരൾരോഗം, മാരകമായ കാൻസർ എന്നിവയ്ക്ക് കാരണമാകുന്നതും, കലോറി വർദ്ധനവും മറ്റും ഇത്തരം സ്റ്റിക്കറുകളിലൂടെ ജനങ്ങളേ ബോധ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ആഹാര-പാനീയ വസ്തുക്കളിൽ നിലവിൽ ഇത്തരം മുന്നറിയിപ്പുകളോടുകൂടിയ സ്റ്റിക്കറുകളുണ്ട്. ആ ശ്രേണിയിലേയ്ക്ക് മദ്യത്തേയും കൂട്ടിച്ചേർക്കാൻ ഇതിലൂടെ സാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മിതമായ മദ്യപാനത്തിലൂടെ 23,000 പുതിയ അർബുദ രോഗികളാണ് 2017 ൽ ഉണ്ടായത്. ഇതിൽ പകുതിയും സ്തനാർബുദ രോഗികളാണ്. ലാൻസെറ്റ് ഓങ്കോളജിയുടെ റിപ്പോർട്ട് പ്രകാരം 2020 ൽ കാനഡയിൽ മദ്യപാന ജന്യമായ കാൻസർ രോഗികളുടെ എണ്ണം 7000 ആണ്. ഇവയിൽ സതനാർബുദം, കുടലിലെ അർബുദം, മലാശയ അർബുദം, കരൾ അർബുദം എന്നിവ ഉൾപ്പെടുന്നു. ആഴ്ച്ചയിൽ രണ്ടിൽ കൂടുതൽ തവണ മദ്യപിക്കരുതെന്ന് കനേഡിയൻ സെന്റർ ഓൺ സബ്സ്റ്റൻസ് യൂസ് ആന്റ് അഡിക്ഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ നിരന്തരമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും 75% ആളുകളും അവരുടെ മദ്യപാന ശീലത്തിൽ മാറ്റം വരുത്തുന്നില്ല എന്ന് സർവേകൾ തെളിയിക്കുന്നു.