തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തീപിടുത്തം; തീ അണക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

By: 600021 On: May 23, 2023, 5:47 PM

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷനൻ്റെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണ് അഗ്നിരക്ഷാ സേനാ അംഗം രഞ്ജിത്ത് (32) മരിച്ചു. ചാക്ക ഫയർ ഫോഴ്സ് അംഗവും ആറ്റിങ്ങൽ സ്വദേശിയുമാണ് മരിച്ച രഞ്ജിത്ത്. ഇന്ന് പുലർച്ചെ 1:30 ഓടെ ആയിരുന്നു തീപിടിത്തം. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു.

അതേസമയം, കിന്‍ഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തുമെന്നും മന്ത്രി അറിയിച്ചു.