സറേയില്‍ സ്റ്റുഡന്റ് പോപ്പുലേഷന്‍ വര്‍ധിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളില്‍ പ്രതിസന്ധിയേറുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: May 23, 2023, 10:33 AM

 

സറേയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളുടെ ശേഷിയും വര്‍ധിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മതിയായ സ്‌കൂളുകളോ പഠന ഇടങ്ങളോ സറേയില്‍ ഇല്ല എന്നത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കാന്‍ ഉടന്‍ നിക്ഷേപം നടത്തണമെന്ന് സറേ മേയര്‍ പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ 2,200 ല്‍ അധികം പുതിയ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ഇതോടെ നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 78,000 കവിഞ്ഞതായാണ് കണക്കുകള്‍. 

വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ നൂറുകണക്കിന് പോര്‍ട്ടബിള്‍ ക്ലാസ്‌റൂമുകളാണ് സറേയില്‍ പഠനത്തിനായി ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷവും പോര്‍ട്ടബിള്‍ ക്ലാസ്‌റൂമുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രതിസന്ധിയായി കൗണ്‍സില്‍ മീറ്റിംഗില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

നിലവില്‍ 361 പോര്‍ട്ടബിള്‍ ക്ലാസ്‌റൂമുകളാണ് സറേ സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ ഉപയോഗിക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തേക്ക് 30 പുതിയ പോര്‍ട്ടബിളുകള്‍ വാങ്ങാന്‍ തയാറെടുക്കുന്നതായി സിറ്റി പറയുന്നു.