ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ക്കായി ലിഥിയം: നെമാസ്‌ക ലിഥിയവുമായി കരാറിലേര്‍പ്പെട്ട് ഫോര്‍ഡ് 

By: 600002 On: May 23, 2023, 9:39 AM

 

ലിഥിയം ഹൈഡ്രോക്‌സൈഡ് ഉള്‍പ്പെടെയുള്ള ലിഥിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി ക്യുബെക്കിലെ നെമാസ്‌ക ലിഥിയവുമായി 11 വര്‍ഷത്തെ കരാറിലൊപ്പിട്ടതായി വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് അറിയിച്ചു. ഇലക്ട്രിക് കാര്‍ ബാറ്ററികള്‍ക്കുള്ള ലിഥിയം വാങ്ങുന്നതിനായാണ് പ്രധാനമായും കരാര്‍ ലക്ഷ്യമിടുന്നത്. ബാറ്ററി സാമഗ്രികളുടെ വിതരണം ഉറപ്പാക്കാനുളള മത്സരത്തിന്റെ ഭാഗമായാണ് കനേഡിയന്‍ ലിഥിയം കമ്പനിയുമായി ഫോര്‍ഡ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നെമാസ്‌ക കമ്പനിയുടെ ആദ്യ ഉപഭോക്താവാണ് ഫോര്‍ഡ്. പ്രതിവര്‍ഷം 13,000 ടണ്‍ വരെ വാങ്ങാനാണ് കരാര്‍. 

മോണ്‍ട്രിയലില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുകിഴക്കായി ബെക്കന്‍കൂറില്‍ സ്ഥിതി ചെയ്യുന്ന നെമാസ്‌കയുടെ ഫാക്ടറിയിലാണ് ലിഥിയം ഹൈഡ്രോക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്നത്. 2025 ഓടെ ജെയിംസ് ബേ മേഖലയിലുള്ള കമ്പനിയുടെ വാബൂച്ചി ഖനി ലിഥിയം അയിര് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അത് ബെക്കന്‍കൂര്‍ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക. ഉല്‍പ്പാദിപ്പിക്കുന്ന ലിഥിയം അയിര് ഫോര്‍ഡ് വാങ്ങും. അതിന് മുമ്പ് നെമാസ്‌ക ലിഥിയത്തില്‍ നിന്ന് സ്‌പോഡുമീന്‍ കോണ്‍സെന്‍ട്രേറ്റ് എന്ന ലിഥിയം അയിരും ഫോര്‍ഡ് വാങ്ങിക്കുന്നുണ്ട്.