ആല്‍ബെര്‍ട്ടയ്ക്കാശ്വാസമായി മഴയെത്തി; കാട്ടുതീ നിയന്ത്രണ വിധേയമാകുന്നു 

By: 600002 On: May 23, 2023, 8:50 AM


കാട്ടുതീ പടരുന്ന ആല്‍ബെര്‍ട്ടയ്ക്ക് ആശ്വാസമായി മഴയും തണുത്ത കാലാവസ്ഥയുമെത്തി. പ്രവിശ്യയിലുടനീളം മഴ പെയ്തതോടെ തിങ്കളാഴ്ച കാട്ടുതീ പലയിടങ്ങളിലും നിയന്ത്രണ വിധേയമായി. ആല്‍ബെര്‍ട്ടയിലുടനീളം കാട്ടുതീ വ്യാപകമാവുന്നുണ്ടെങ്കിലും ഈര്‍പ്പമുള്ള കാലാവസ്ഥയെത്തിയതോടെ കാട്ടുതീ ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആല്‍ബെര്‍ട്ട എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രെ ഹച്ചിന്‍സണ്‍ പറഞ്ഞു. 

ശനിയാഴ്ച 91 കാട്ടുതീകളായിരുന്നു സജീവമായിട്ടുണ്ടായിരുന്നത്. മഴ പെയ്തതോടെ അത് 81 ആയി കുറഞ്ഞു. ഇവയില്‍ 23 എണ്ണം മാത്രമാണ് നിയന്ത്രണാതീതമായിട്ടുള്ളത്. പതിനാറോളം ഇവാക്വേഷന്‍ ഓര്‍ഡറുകളാണ് നിലവിലുണ്ടായിരുന്നത്. ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. നിലവില്‍ ഏകദേശം 10,900 പേര്‍ക്ക് വീടുകളിലേക്ക് മടങ്ങാനായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. 

17 ഏജന്‍സികളില്‍ നിന്നുള്ള 2,900 ത്തിലധികം അഗ്നിശമന സേനാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ശ്രമങ്ങള്‍ക്ക് സഹായകവും ആശ്വാസവുമായാണ് ആല്‍ബെര്‍ട്ടയില്‍ മഴയെത്തിയത്.