ആല്‍ബെര്‍ട്ടയിലും നോര്‍ത്തേണ്‍ ബ്രിട്ടീഷ് കൊളംബിയയിലും വ്യാപിക്കുന്ന കാട്ടുതീയില്‍ നിന്നുള്ള പുക യുഎസിലെ നിരവധി സംസ്ഥാനങ്ങളിലേക്കും പടരുകയാണ്. ന്യൂയോര്‍ക്ക്, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങള്‍ വരെ പുക പരന്നിട്ടുണ്ട്. ഇത് ഇവിടങ്ങളിലെ വായുഗുണനിലവാരത്തെയും വിസിബിളിറ്റിയെയും ബാധിച്ചതായി അധികൃതര്‍ പറയുന്നു. യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ്(എന്‍ഡബ്ല്യുഎസ്) ഓഫീസ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയോടെ വിസിബിളിറ്റിയില്‍ ഏറ്റവും കുറവുണ്ടായി. മാത്രവുമല്ല, വായുഗുണ നിലവാരം മോശമാവുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ ഈസ്‌റ്റേണ്‍ സൗത്ത് ഡെക്കോട്ട, സൗത്ത്ഈസ്‌റ്റേണ്‍ മൊണ്ടാന, നോര്‍ത്ത്ഈസ്‌റ്റേണ്‍ വ്യോമിംഗ് എന്നിവയുടെ ചില ഭാഗങ്ങളില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായതായി യുഎസ് എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് ചൂണ്ടിക്കാണിക്കുന്നു. പുക ശ്വസിക്കുന്നവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഐഡഹോ മുതല്‍ മിനസോട്ട, ഇല്ലിനോയിസ്, മിഷിഗണ്‍, ന്യൂയോര്‍ക്ക്, വെര്‍മോണ്ട് എന്നിവടങ്ങളില്‍ മോഡറേറ്റ് എയര്‍ ക്വാളിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, കാട്ടുതീ പുക പടരുന്നതിനാല്‍ ആല്‍ബെര്‍ട്ടയില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ നിര്‍ദ്ദേശിച്ചു. എയര്‍ ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡക്‌സ് 10+ ആയി ഉയര്‍ന്നതോടെ കാല്‍ഗറിയിലും എഡ്മന്റണിലും സ്‌പെഷ്യല്‍ എയര്‍ ക്വാളിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.