ബഡ്ജറ്റ് എയർലൈൻസായ സ്വൂപ്പിനെ വെസ്റ്റ്ജെറ്റ് ഏറ്റെടുക്കാൻ സാധ്യത, ധാരണയിലെത്തി ALPA

By: 600110 On: May 23, 2023, 3:46 AM

 

 

വെസ്റ്റ്ജെറ്റ് എയർലൈൻസും പൈലറ്റുമാരുടെ യൂണിയനും തമ്മിലുള്ള ധാരണയെ തുടർന്ന് ബഡ്ജറ്റ് എയർലൈൻ സർവീസായ സ്വൂപ്പിന്റെ പ്രവർത്തനം അവസാനിക്കാൻ സാധ്യത കാണുന്നു. സമരത്തിലായിരുന്ന എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ALPA) മുന്നോട്ടു വച്ച നിബന്ധനകളിലൊന്ന് ഓക്ടോബർ 2024 ന് മുൻപായി സ്വൂപ് എന്ന സർവീസ് വെസ്റ്റ്ജെറ്റിൽ ലയിപ്പിക്കണം എന്നതാണ്. എന്നാൽ ഇതിനെ സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല. വേതനം, തൊഴിലുറപ്പ്, ജോലിയുടെ ഷെഡ്യൂൾ എന്നീ വിഷയങ്ങളെ മുൻനിർത്തി ആരംഭിച്ച സമരം എട്ട് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്തിയത്.

കാൾഗറി ആസ്ഥാനമാക്കി 2018 ൽ ആരംഭിച്ച ബഡ്ജറ്റ് എയർലൈൻസായ സ്വൂപ് 32 ഇടങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിലെ പൈലറ്റുമാർക്ക് നിലവിൽ വെസ്റ്റ്ജെറ്റിലെ പൈലറ്റുമാർക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. മാർച്ച് 10 ന് സൺവിംഗ് എന്ന കമ്പനിയെ വെസ്റ്റ്ജെറ്റ് ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് മറ്റൊരു ശമ്പള സ്കെയിലിലുള്ള പൈലറ്റുമാരെ ഉണ്ടാക്കുമോ എന്ന കാര്യത്തിൽ കമ്പനിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.