മൾട്ടിപ്പിൾ സ്ക്ലിറോസിസിന് പരിഹാരമായേക്കാവുന്ന കണ്ടെത്തലുമായി ടൊറന്റോ സർവകലാശാല

By: 600110 On: May 22, 2023, 7:18 PM

 

 

മൾട്ടിപ്പിൾ സ്ക്ലിറോസിസ് (MS) എന്ന രോഗത്തിന്റെ ചികിത്സയ്ക്ക് സഹായിക്കുന്ന ഒരു സുപ്രധാന കണ്ടുപിടിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊറന്റോ സർവകലാശാലയിലെ ഗവേഷകർ. MS ന്റെ പകർച്ചയ്ക്ക് കാരണമാകുന്ന കോശങ്ങളെ പുനർനവീകരിച്ച് രോഗമുക്തിക്ക് സഹായിക്കുന്നവയാക്കി മാറ്റുന്ന രീതിയാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ജെനെറ്റിക് വിവരങ്ങളിൽ പരിവർത്തനം വരുത്തി അപകടകരമായ കോശങ്ങളെ പ്രയോജനകരമാക്കി തീർക്കുകയാണ് ചെയ്യുന്നത്. ഇത് അൾഷിമേഴ്സ്, സ്പിനൽ കോർഡിന് ഏറ്റ ക്ഷതം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമായേക്കും എന്നാണ് വിലയിരുത്തൽ.

മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള നിലവിലെ ചികിത്സാരീതിക്ക് ഒരു മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും. മറ്റൊരു അന്തരീക്ഷത്തിൽ കോശങ്ങളെ വളർത്തി, ശരീരത്തിൽ കുത്തിവയ്ക്കുന്ന പരമ്പരാഗത രീതിക്കു പകരം രോഗബാധിത മേഖലയിൽ തന്നെ കോശങ്ങളെ സൃഷ്ടിച്ചെടുക്കാൻ പുതിയ വിദ്യയിലൂടെ സാധിക്കും. ഇത് തലച്ചോറിലോ നട്ടെല്ലിലോ ഒക്കെ ചെയ്യാവുന്നതാണ്. ന്യൂറോസയന്റിസ്റ്റായ മരിയം ഫൈസ് ആണ് ഗവേഷണം നയിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപായി ഇനിയും ഗവേഷണം പുരോഗമിക്കേണ്ടതുണ്ട്. എങ്കിലും MS ബാധിതരായവർക്ക് പ്രതീക്ഷയേകുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ.