എഡ്മന്റണില്‍ കാര്‍ യാത്രികരെ പിക്കപ്പ് ട്രക്ക് ഒന്നിലധികം തവണ ഇടിച്ചു: ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു 

By: 600002 On: May 22, 2023, 10:33 AM


എഡ്മന്റണില്‍ കാറില്‍ യാത്ര ചെയ്ത രണ്ട് പേരെ പിക്കപ്പ് ട്രക്ക് പിന്തുടരുകയും തുടര്‍ച്ചയായി ഇടിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം. ആന്റണി ഹെന്‍ഡേ ഡ്രൈവിലൂടെ യാത്ര ചെയ്തവരെയാണ് ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി എഡ്മന്റണില്‍ ഒന്നിലധികം കൂട്ടിയിടികളും കാര്‍ജാക്കിംഗ് ഉള്‍പ്പെടെയുള്ള നിരവധി വാഹനകുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. 

ടെര്‍വില്ലെഗറില്‍ തുടങ്ങി ക്യുഇഐഐ എക്‌സിറ്റിലാണ് പിക്കപ്പ് ട്രക്ക് പിന്തുരുന്നത് നിര്‍ത്തിയത്. ഏകദേശം അഞ്ച് മിനിറ്റളോം തങ്ങളെ ട്രക്ക് പിന്തുടര്‍ന്നതായി യുവാക്കള്‍ പോലീസില്‍ പറഞ്ഞു. റോഡില്‍ നിന്നും ഇടിച്ചുതെറിപ്പിക്കാനായിരുന്നു ട്രക്ക് ഡ്രൈവറുടെ ശ്രമം. അയാള്‍ തങ്ങളെ കൊല്ലാനായി ശ്രമിക്കുന്നതായി തോന്നിയെന്നും യുവാക്കള്‍ പറഞ്ഞു. തലനാരിഴയ്ക്കാണ് അയാളില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി. 

കാര്‍ ജാക്കിംഗ് ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കുള്ളയാളാണ് പിക്കപ്പ് ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഏറ്റുമുട്ടലിലൂടെ പോലീസ് കീഴ്‌പ്പെടുത്തി പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.