ബ്രിട്ടീഷ് കൊളംബിയയിലെ കൂറ്റനൈ നാഷണല്‍ പാര്‍ക്കില്‍ കാട്ടുതീ പടരുന്നു. തീ നിയന്ത്രണാതീതമായി ആളിപ്പടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആല്‍ബെര്‍ട്ട അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താണ് കാട്ടുതീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. നാഷണല്‍ പാര്‍ക്കില്‍ 190 ഹെക്ടറോളം പ്രദേശത്ത് തീ വ്യാപിച്ചിരിക്കുകയാണ.് ശക്തമായ ഇടിമിന്നലാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്.
പാര്‍ക്കിന്റെ തെക്ക് ഭാഗത്തുള്ള മിച്ചല്‍ റിഡ്ജ് ഏരിയയിലാണ് കാട്ടുതീ പടര്‍ന്നത്. ഇതിന് സമീപമാണ് കൂറ്റനൈ വ്യൂപോയിന്റും നിപിക മൗണ്ടെയ്ന്‍ റിസോര്‍ട്ടും സ്ഥിതി ചെയ്യുന്നത്.
ബോറിയലിലുണ്ടായ തീപിടുത്തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ കാട്ടുതീയാണെന്ന് പാര്‍ക്ക്‌സ് കാനഡ സ്‌പെഷ്യലിസ്റ്റ് ചാര്‍ലി മക്ലെല്ലന്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം മെയ് പകുതിയോടെ മലനിരകളില്‍ ഏകദേശം 200 ഹെക്ടറോളം ഏരിയയില്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
നാഷണല്‍ പാര്‍ക്കിന്റെ വടക്കേ അറ്റത്താണ് തീ വ്യാപകമായിട്ടുള്ളതെന്ന് പാര്‍ക്ക്‌സ് കാനഡ വ്യക്തമാക്കുന്നു. അവിടെ ജന്തുജാലങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിയെരിഞ്ഞു. തീയണക്കാനായി 23 അഗ്നിശമന സേനാംഗങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും കഠിനമായ ശ്രമം നടത്തുന്നുണ്ട്. ഈയാഴ്ച മഴ പെയ്‌തേക്കുമെന്നും തണുത്ത കാലാവസ്ഥയുണ്ടാകുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.