ആല്‍ബെര്‍ട്ടയില്‍ എയര്‍ ക്വാളിറ്റി മോശമാകുന്നു; വീടുകളില്‍ തന്നെ തുടരാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം 

By: 600002 On: May 22, 2023, 8:31 AM

 

ആല്‍ബെര്‍ട്ടയിലുടനീളം പടരുന്ന കാട്ടുതീയെ തുടര്‍ന്ന് ഉയരുന്ന കനത്ത പുക മൂലം പ്രവിശ്യയിലെ എയര്‍ ക്വാളിറ്റി മോശമാവുകയാണ്. ഈ സാഹചര്യത്തില്‍ കഴിവതും വീടിനു പുറത്തേക്ക് ഇറങ്ങാതെയിരിക്കാനും ആരോഗ്യം ശ്രദ്ധിക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആല്‍ബെര്‍ട്ട സര്‍ക്കാര്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വീടു വിട്ട് പുറത്തിറങ്ങാനാണ് നിര്‍ദ്ദേശം. ഞായറാഴ്ച കാല്‍ഗറിയിലും എഡ്മന്റണിലും എണ്‍വയോണ്‍മെന്റ് കാനഡ എയര്‍ ക്വാളിറ്റി സ്‌റ്റേറ്റ്‌മെന്റ് പുറത്തിറക്കി. രണ്ട് നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം 10+  ആണെന്ന് എയര്‍ ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡക്‌സ് പ്രവചിച്ചു. എയര്‍ ക്വാളിറ്റിയുടെ മോശം റേറ്റിംഗാണിതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കി. 

വായുവിന്റെ ഗുണനിലവാരം പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ ഹെല്‍ത്ത് പ്രൊവൈഡര്‍മാരെ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

വിവിധയിടങ്ങളില്‍ പടരുന്ന കാട്ടുതീ ഇനി എത്ര സ്ഥലങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നും കാലാവസ്ഥ പ്രതികൂലമായതോടെ കാട്ടുതീ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.