ജി7 ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയോട് രാജ്യത്തിന്റെ പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്ന് അറിയിച്ചു. സമ്മേളനത്തില്‍ റഷ്യയുടെ നടപടികളെ ശക്തമായി അപലപിച്ച ട്രൂഡോ, ഉക്രെയ്ന്‍ ജനതയ്ക്ക് എല്ലാവിധ സഹായങ്ങളും കാനഡയുടെ ഭാഗത്ത് നിന്നും തുടര്‍ന്നും പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കി. റഷ്യന്‍ അധിനിവേശത്തിനിടയില്‍ ഉക്രെയ്‌ന്റെ നിലനില്‍പ്പിന് സഖ്യകക്ഷികളുടെ പിന്തുണ നിര്‍ണായകമാണെന്ന് ട്രൂഡോ ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പറഞ്ഞു. റഷ്യയെ തള്ളിപ്പറയാന്‍ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി7 രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ഗ്ലോബല്‍ സൗത്ത് പാര്‍ട്ണര്‍മാരായ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയുമാണ് സെലന്‍സ്‌കി ശനിയാഴ്ച ഹിരോഷിമയിലെത്തിയത്. റഷ്യയ്‌ക്കെതിരായ ഉക്രെയ്‌നിന്റെ പ്രതിരോധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ അയക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികളെ അനുവദിക്കുമെന്ന് യുഎസ് അറിയിച്ചു. വിദഗ്ധ പരിശീലനം ലഭിച്ച കനേഡിയന്‍ പൈലറ്റുമാരെ യുദ്ധ പ്രതിരോധ ദൗത്യങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് ട്രൂഡോയും വ്യക്തമാക്കി.