ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ നൂതന ഉപകരണം അവതരിപ്പിച്ച് മോണ്‍ട്രിയല്‍ സ്വദേശിനി

By: 600002 On: May 22, 2023, 6:57 AM


ആര്‍ത്തവസമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. ചിലര്‍ക്ക് അടിവയറ്റിനും നടുവിനും വേദന, ഛര്‍ദ്ദി, തലവേദന, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. കഠിനമായ വേദന ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം വരെ നീണ്ടുനില്‍ക്കാം. ഇത്തരത്തില്‍ ആര്‍ത്തവ വേദന അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് മോണ്‍ട്രിയലില്‍ നിന്നും വരുന്നത്. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് മോണ്‍ട്രിയല്‍ സ്വദേശിനിയും എഞ്ചിനിയറുമായ നാനെറ്റ് സെന്‍. 

പാച്ച് രൂപത്തില്‍ വയറിന് പുറത്ത് വെക്കാവുന്ന ഉപകരണം പേശികള്‍ക്ക് അയവ് നല്‍കാനും തലച്ചോറിലേക്കുള്ള വേദനയുടെ സിഗ്നലുകള്‍ തടയാനും സഹായിക്കുന്നു. ഹീറ്റ് ആന്‍ഡ് മൈക്രോഇലക്ട്രോണിക് ടെക്‌നോളജിയാണ് ഉപകരണത്തില്‍ ഉപയോഗിക്കുന്നത്. ബോട്ടിലില്‍ ചൂടുവെള്ളം നിറച്ച് ചൂട് വെക്കുന്ന രീതി പണ്ടുമുതല്‍ക്ക് തന്നെ ഉണ്ട്. അതില്‍ നിന്നും കുറച്ചുകൂടി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചതാണ് പുതിയ ഉപകരണം. 

ആര്‍ത്തവ വേദന ഉണ്ടാകുമ്പോള്‍ വയറിന്റെ അടിഭാഗത്ത് ഉപകരണം വയ്ക്കുക. കുറച്ചുനേരം വെച്ച് വേദനയ്ക്ക് ആശ്വാസം തോന്നുമ്പോള്‍ നീക്കാവുന്നതാണെന്ന് നാനെറ്റ് സെന്‍ പറയുന്നു. ഭക്ഷണക്രമീകരണം, യോഗ, നടത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ വേദന കുറയ്ക്കാന്‍ ഉപകാരപ്പെടുമെങ്കിലും എപ്പോഴും ഇവ ഫലം ചെയ്യണമെന്നില്ല. അതിനാല്‍ വേദന സംഹാരിയായി ഒരു ഉപകരണം അവതരിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന ആശയത്തില്‍ നിന്നാണ് സെന്‍ ഉപകരണം വികസിപ്പിച്ചെടുത്തത്. 

സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജൂനോ ടെക്‌നോളജീസിന്റെ കീഴിലുള്ള ആദ്യത്തെ പ്രോജക്ടാണ് ഇത്. ഇപ്പോഴും ഡെവലപ്‌മെന്റ് സ്റ്റേജിലാണ് ഉപകരണം. വരുന്ന ഫാള്‍ സീസണില്‍ ഉപകരണം പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സെന്‍.