ചൂടു കൂടിയതും വരണ്ടതുമായ കാലാവസ്ഥയിൽ ആൽബർട്ടയിൽ കാട്ടുതീ പടരുന്നത് അണയ്ക്കാൻ അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിൽ മഴ ലഭിക്കാനിടയുണ്ട് എന്ന വാർത്ത ആശ്വാസമാകുന്നു. ആൽബർട്ട വൈൽഡ്ലൈഫ് ഇഫോർമേഷൻ മാനേജർ ക്രിസ്റ്റി ടക്കർ പറഞ്ഞത് ഇനിയുള്ള ദിവസങ്ങളിൽ തണുത്ത താപനിലയും നേരിയ മഴയും ആയിരിക്കാനാണ് സാധ്യത എന്നാണ്. കനത്ത മഴ ലഭിച്ചാൽ അത് കാടിലേയ്ക്ക് പടന്നിറങ്ങി അഗ്നിശമന സേന നടത്തുന്ന പ്രവർത്തനത്തെ പിന്താങ്ങുന്ന വിധം പ്രയോജനപ്പെടും എന്നും ടക്കർ പറഞ്ഞു.
കാട്ടുതീയ്ക്ക് സാധ്യതയുള്ള മേഖലയിൽ തീ കത്തിക്കുന്നതിനും ഹൈവേയിൽ നിന്ന് മാറി സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. പാർക്കുകളും മറ്റ് വിനോദ-വിശ്രമ കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. കനത്ത പുക മൂലം വായുവിന്റെ ഗുണനിലവാരം മോശമായി തുടരുകയാണ്. അതിനാൽ പുറമേയുള്ള ജോലികളിൽ നിന്നു വിട്ട് നിൽക്കുവാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആൽബർട്ടയിൽ 91 ഇടങ്ങളിലാണ് കാട്ടുതീ പടന്നിരിക്കുന്നത്. ഇതിൽ 25 എണ്ണം നിയന്ത്രണാതീതവുമാണ്.