കോളേജ് അഡ്മിഷൻ ലെറ്റർ വ്യാജം, നാടുകടത്തൽ ഭീഷണിയിൽ എഡ്‌മന്റൻ യുവതി

By: 600110 On: May 21, 2023, 8:28 PM

 

 

അഞ്ച് വർഷം മുൻപ് കോളേജ് അഡ്മിഷനു വേണ്ടി ലഭിച്ച ലെറ്റർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് എഡ്മന്റനിൽ കരംജീത് കൗർ എന്ന യുവതി നാടുകടത്തൽ ഭീഷണിയിലായിരിക്കുകയാണ്. കാനഡയിലെ ഇമിഗ്രേഷൻ ആന്റ് റെഫ്യൂജീ ബോർഡിന്റെ തീരുമാനപ്രകാരം മെയ് 29 ന് അകം കരംജീത് കൗർ കാനഡ വിട്ട് പോകണമെന്നാണ് നിർദ്ദേശം. ഇന്ത്യയിലെ ഇതേ ഏജൻസിയിൽ നിന്നും അഡ്മിഷൻ ലെറ്റർ ലഭിച്ച മറ്റ് വിദ്യാർത്ഥികൾ ഇപ്പോൾ ആശങ്കയിലാണ്. ഈ ഏജൻസി ഇപ്പോൾ ഇന്ത്യയിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

കരംജീത് കൗർ ഒരു കനേഡിയൻ പൗരനെ വിവാഹം കഴിച്ചിട്ടുണ്ട്. ഇവർക്ക് വർക്ക് പെർമിറ്റും ഉണ്ട്. 2021 ൽ സ്ഥിരതാമസത്തിനായി അപേക്ഷിച്ചപ്പോഴാണ് അഡ്മിഷൻ ലെറ്റർ വ്യാജമാണെന്ന വിവരം കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിക്കുന്നത്. വിധി വന്നതിനു ശേഷം നിരവധി വിദ്യാർത്ഥികളാണ് പൊതു സുരക്ഷ മന്ത്രി മാർക്കോ മെൻഡിസിനോയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരുടെ അപേക്ഷ ആദ്യം സ്വീകരിച്ചതു സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് സമരണ് ചെയ്തവർ ഉന്നയിച്ച ആവശ്യം. കൃത്യമായ പരിശോധന നടത്താതെയാണ് വിസ അനുവദിച്ചതെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകർ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ മാനുഷികമൂല്യങ്ങളെ മുൻനിർത്തി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.