നിയമ മന്ത്രിസ്ഥാനത്തുനിന്നും കിരൺ റിജിജുവിനെ മാറ്റി കേന്ദ്രം; അർജുൻ റാം മേഘവാൾ പുതിയ നിയമ മന്ത്രി

By: 600021 On: May 20, 2023, 8:31 PM

കേന്ദ്രമന്ത്രിസഭയും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന തരത്തിൽ നടത്തിയ പ്രസ്താവനകൾക്ക് ഒടുവിൽ കേന്ദ്ര നിയമ മന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ നീക്കി കേന്ദ്രം. ജുഡീഷ്യറിക്കെതിരെ റിജിജു നിരന്തരം നടത്തിയ പ്രസ്താവനകളാണ് സ്ഥാന ചലനത്തിന് കാരണം എന്നാണ് സൂചന. അപ്രതീക്ഷിതമായ നീക്കത്തിൽ നിയമ മന്ത്രിസ്ഥാനം നഷ്ടമായ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ക്യാബിനറ്റ് മന്ത്രി പദവി നൽകി. പാർലമെൻററി, സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി. നിയമ സഹമന്ത്രി എസ്.പി.സിംഗ് ബാഗേലിന് ആരോഗ്യ സഹമന്ത്രി സ്ഥാനവും നൽകി. രണ്ടാം മോദി സർക്കാരിൽ സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ നിയമ മന്ത്രിയാണ് റിജിജു. മുൻപ് രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയാണ്  റിജിജുവിന് സ്ഥാനക്കയറ്റം നൽകിയത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാംഗമായ റിജിജു 2021 ജൂലൈയിലാണ് ക്യാബിനറ്റ് പദവിയോടെ നിയമ മന്ത്രി ആയത്.