സംസ്ഥാനത്ത് വന്യമൃഗ ആക്രമണം രൂക്ഷം; മൂന്ന് പേർ കൊല്ലപ്പെട്ടു.

By: 600021 On: May 20, 2023, 8:14 PM

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കോട്ടയം എരുമേലി കണമലയിൽ രണ്ടുപേരും കൊല്ലം ആയൂരിൽ ഒരാളുമാണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ കോട്ടയം ഡി.എഫ് ഒ യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം തൃശ്ശൂർ പൈങ്കുളത്ത് ബൈക്കിനു മുന്നിൽ കാട്ടുപന്നി ചാടിയതിനെ തുടർന്ന് സഹോദരങ്ങൾക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം എടക്കരയിൽ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു.  രക്ഷപ്പെടാനായി മരത്തിൽ ഓടി കയറുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് വനം  മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ബാക്കി 5 ലക്ഷം, പോസ്റ്റ്മോർട്ടം റിപ്പോർട്ടും അനന്തരാവകാശികളെ സംബന്ധിച്ച സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.