അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിൽ മിന്നൽ പരിശോധന; വൻ ക്രമക്കേട് കണ്ടെത്തി വിജിലൻസ്

By: 600021 On: May 20, 2023, 7:54 PM

കൊല്ലത്തെ അസിസ്റ്റൻറ് ഡ്രഗ്സ്  കൺട്രോളറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മെഡിക്കൽ സ്റ്റോറുകൾക്കും മരുന്ന് മൊത്ത വിതരണക്കാർക്കും ലൈസൻസ് നൽകുന്ന ഓഫീസ് ആണിത്. ഓൺലൈൻ അപേക്ഷകളിൽ അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർക്കുവേണ്ടി ഓഫീസിലെ മറ്റു ജീവനക്കാർ ലൈസൻസ് വിതരണം നടത്തുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. അപേക്ഷകൾ പരിശോധിച്ച് ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ സിഗ്നേച്ചർ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വിജിലൻസ് അന്വേഷണം തുടങ്ങി. കഴിഞ്ഞവർഷം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മരുന്ന് കടകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.