ടൊറന്റോയിൽ നിന്നും കാനഡയിലെ മുഖ്യ വിനോദസഞ്ചാരകേന്ദ്രമായ നയാഗ്ര വെള്ളച്ചാട്ടത്തിലേയ്ക്ക് സർവീസ് വികസിപ്പിച്ചിരിക്കുകയാണ് ഗോ ട്രെയ്ൻ. യൂണിയൻ സ്റ്റേഷനിൽ നിന്നും നയാഗ്ര വരെ നീളുന്ന പുതിയ സർവീസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വേകുമെന്ന് ഗോ ട്രെയ്ൻ അധികൃതർ പറഞ്ഞു. മെയ് 20 മുതൽ ആരംഭിക്കുന്ന പുതിയ സർവീസ് അനുസരിച്ച് ആഴ്ച്ചയിൽ 21 ട്രിപ്പുകളാണ് നയാഗ്ര വെള്ളച്ചാട്ടത്തിലേയ്ക്ക് ഉണ്ടാവുക. സെയ്ന്റ് കാതറീൻസിലേയ്ക്കുള്ള സർവീസ് പുനരാരംഭിക്കുകയും ചെയ്യും. ഹാമിൽട്ടൺ, ബർലിംഗ്ടൺ, ടൊറന്റോ എന്നീ നഗരങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്ന നാല് എക്സ്പ്രസ്സ് ട്രിപ്പുകളും ഇതോടൊപ്പം ആരംഭിക്കും.
നയാഗ്രയിലേയ്ക്ക് സർവീസ് നടത്തുന്ന ഇത്തരം ട്രെയ്നുകളിൽ യാത്രക്കാർക്ക് സൈക്കിൾ കൊണ്ടുപോകാനുള്ള സൗകര്യവും ഉണ്ടാകും. അങ്ങനെ 56 കിലോമീറ്റർ നീളുന്ന നയാഗ്ര നദിയുടെ തീരപ്രദേശത്തിലൂടെ സൈക്കിൾ സവാരി നടത്താനും വിനോദസഞ്ചാരികൾക്ക് സാധിക്കും.