കെട്ടിടങ്ങളുടെ അമിതഭാരത്താൽ ന്യൂയോർക്ക് നഗരം താഴ്ന്നുപോകുന്നതായി പഠനം

By: 600110 On: May 20, 2023, 6:02 PM

 

 

അംബരചുംബികളായ കെട്ടിടങ്ങളാണ് ന്യൂയോർക്ക് നഗരത്തിന്റെ മുഖമുദ്ര. എന്നാൽ ഇവയുടെ അമിതഭാരം മൂലം നഗരം ഓരോ വർഷവും ഒന്ന് മുതൽ രണ്ട് മില്ലിമീറ്റർ വരെ താഴ്ന്നുപോകുന്നുണ്ടെന്ന് എർത്ത്സ് ഫ്യൂച്ചർ എന്ന ശാസ്ത്ര ജേർണൽ പറയുന്നു. 1.68 ട്രില്ല്യൺ പൗണ്ടാണ് ന്യൂയോർക്കിലെ കെട്ടിടങ്ങളുടെ ഏകദേശ ഭാരം. റോഡ് ഐലന്റ് സർവകലാശാലയിലെയും യു. എസ്. ജിയോളജിക്കൽ സർവേയിലെയും ഗവേഷകരാണ് ഇതു കണ്ടെത്തിയത്. നഗരത്തിന്റെ ഒരു മാതൃക ഉണ്ടാക്കിക്കൊണ്ടാണ് ഇവർ കെട്ടിടങ്ങളുടെ ഭാരം മണ്ണിൽ ഏല്പിക്കുന്ന സമ്മർദ്ദം കണക്കാക്കിയത്.

മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ച് ലോവർ മൻഹാട്ടൻ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൻഹാട്ടനിലെ പല സ്ഥലങ്ങൾക്കും സമുദ്രനിരപ്പിൽ നിന്ന് ഒന്നോ രണ്ടോ മീറ്റർ അധികം ഉയരമേ ഉള്ളൂ. നഗരം താഴുന്നതിനൊപ്പം സമുദ്രനിരപ്പ് ഉയരുക കൂടി ചെയ്യുമ്പോൾ ആശങ്ക വർദ്ധിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് 2012 ലും 2021 ലും ന്യൂയോർക്ക് നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. നിരവധി ആളുകൾ അന്ന് മുങ്ങി മരിക്കുകയും ചെയ്തിരുന്നു. ഉപ്പ് വെള്ളവുമായുള്ള നിരന്തര സമ്പർക്കം കെട്ടിടങ്ങളുടെ സ്റ്റീലും കോൺക്രീറ്റും നശിപ്പിക്കുന്നുണ്ട്. 90% കെട്ടിടങ്ങളും വെള്ളപ്പൊക്കത്തെ നേരിടാൻ പാകത്തിനല്ല നിർമിച്ചിരിക്കുന്നത് എന്ന് ഗവേഷകർ പറയുന്നു.