കാണാതായ ലാംഗ്‌ലി സ്വദേശിയുടെ മൃതദേഹം വാന്‍കുവറില്‍ കണ്ടെത്തി 

By: 600002 On: May 20, 2023, 10:27 AM

 

ഏപ്രില്‍ അവസാനം വാന്‍കുവര്‍ ഏരിയയില്‍ നിന്നും കാണാതായ ലാംഗ്‌ലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏപ്രില്‍ 29 മുതല്‍ കാണാതായ ഇര്‍ഷാദ് ഇക്ബാല്‍(36) എന്ന യുവാവിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി ഊര്‍ജിതമായ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫാള്‍സ് ക്രീക്കില്‍ നിന്നുമാണ് ഇക്ബാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് വാന്‍കുവര്‍ പോലീസ് പറഞ്ഞു. മൃതദേഹം കണ്ട ഒരു വഴിപോക്കന്‍ എമര്‍ജന്‍സി ലൈനില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. 

ഇക്ബാലിന്റെ മരണകാരണം വ്യക്തമായിട്ടില്ല. അസ്വഭാവിക മരണത്തിന് കേസ് ഫയല്‍ ചെയ്ത പോലീസ്, കൊറോണര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. 

ഏപ്രില്‍ 29 ന് പുലര്‍ച്ചെ 2 മണിയോടെ പസഫിക് ബൊളിവാര്‍ഡിലെ പാര്‍ക്ക് കാസിനോയ്ക്ക് സമീപത്ത് നിന്നാണ് ഇക്ബാലിനെ കാണാതായത്. അന്ന് മുതല്‍ ഇക്ബാലിന്റെ ബന്ധുക്കള്‍ തിരയുകയായിരുന്നു. ഇക്ബാലിനെ കണ്ടെത്തുന്നവര്‍ക്ക് 20,000 ഡോളര്‍ പാരിതോഷികവും കുടുംബം വാഗ്ദാനം ചെയ്തിരുന്നു. സുഹൃത്തുക്കളില്‍ നിന്നും വേര്‍പിരിഞ്ഞിരിക്കുകയായിരുന്നു ഇക്ബാലെന്ന് പോലീസ് പറയുന്നു. ഇക്ബാലിന് വേണ്ടി കുടുംബം ഗോഫൗണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്.