ഇവി ബാറ്ററി പ്ലാന്റ് നിര്‍മാണം:സ്‌റ്റെല്ലാന്റിസിന് കൂടുതല്‍ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഒന്റാരിയോ സര്‍ക്കാര്‍  

By: 600002 On: May 20, 2023, 10:06 AM

 

വിന്‍ഡ്‌സറിലെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതില്‍ നിന്നും തടയാന്‍ വാഹന നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസിന് കൂടുതല്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നതായി പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. വിന്‍ഡ്‌സറില്‍ 5 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് നിര്‍മിക്കുകയാണെന്ന് സ്റ്റെല്ലാന്റിസും എല്‍ജി എനര്‍ജി സൊല്യൂഷനും കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സബ്‌സിഡികള്‍ ഒന്നും ലഭിക്കാത്തതിനാല്‍ നിര്‍മാണം നിര്‍ത്തിവെക്കുകയാണെന്നും കരാറിന് അനുസൃതമായി പ്രവര്‍ത്തിക്കാത്തതിനാല്‍ തങ്ങള്‍ മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും സ്റ്റെല്ലാന്റിസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ഡഗ് ഫോര്‍ഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കരാര്‍ അന്തിമമാക്കുന്നതിലും നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുമെന്ന കമ്പനിയുടെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതായി ഫെഡറല്‍ ഇന്‍ഡസ്്ട്രി മിനിസ്റ്റര്‍ ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ പറഞ്ഞു. 

സ്റ്റെല്ലാന്റിസ്, എല്‍ജി എന്നിവയുമായുള്ള കരാറിന് 2022 മാര്‍ച്ചിലാണ് ഒപ്പുവെച്ചത്. പുതിയ ബാറ്ററി പ്ലാന്റിന്റെ മൂലധനച്ചെലവിലേക്ക് ഒന്റാരിയോ സര്‍ക്കാരും ഫെഡറല്‍ സര്‍ക്കാരും 500 മില്യണ്‍ ഡോളര്‍ വീതം ഫണ്ട് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.