പൈലറ്റുമാരുടെ കുറവ്: കാനഡയില്‍ വിമാനയാത്രാ പ്രതിസന്ധി രൂക്ഷമാകുന്നു 

By: 600002 On: May 20, 2023, 7:21 AM


വ്യോമയാന മേഖല പാന്‍ഡെമിക്കിന് മുമ്പുള്ള തിരക്കിലേക്ക് മടങ്ങിവരികയാണ്. പാന്‍ഡെമിക് സമയത്ത് പ്രതിസന്ധിയിലായ വിമാനയാത്ര സജീവമായി. യാത്രക്കാരുടെ തിരക്കുമേറി. എന്നാല്‍ എയര്‍ലൈനുകളില്‍ മതിയായ പൈലറ്റുമാരില്ലാത്തത് മറ്റൊരു പ്രതിസന്ധിക്കു കൂടി വഴിവെച്ചിരിക്കുകയാണ്. പൈലറ്റുമാരുടെ കുറവ് മൂലം എയര്‍ലൈന്‍ കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇതോടെ യാത്രക്കാരും ദുരിതത്തിലാവുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ കണക്കനുസരിച്ച് പ്രീ പാന്‍ഡെമിക് വര്‍ഷത്തില്‍ ഏകദേശം 1,100 പൈലറ്റ് ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്. വിദേശ പരിശീലനം ലഭിച്ച പൈലറ്റുമാര്‍ കൂടിയാകുമ്പോള്‍ വെസ്റ്റ്‌ജെറ്റ്, എയര്‍ കാനഡ തുടങ്ങിയ വലിയ വിമാനക്കമ്പനികള്‍ മുതല്‍ പ്രാദേശിക, ചാര്‍ട്ടര്‍, കാര്‍ഗോ എയര്‍ലൈനുകളില്‍ വരെ ഈ പൈലറ്റുമാര്‍ പര്യാപ്തമായിരുന്നു. 

എന്നാല്‍ പാന്‍ഡെമിക്കിന് ശേഷം പൈലറ്റുമാരുടെ എണ്ണത്തിലുണ്ടായ കുറവും നിലവിലുള്ള പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്കും വ്യോമയാന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 2020 ല്‍ വിമാനയാത്രയുടെ ഡിമാന്‍ഡ് ഇടിഞ്ഞതോടെ പൈലറ്റുമാരുടെ എണ്ണം കുറയുകയും അവരുടെ പേപ്പര്‍ വര്‍ക്കുകള്‍ക്ക് കാലതാമസം നേരിടുകയും ചെയ്തു. 2020 ല്‍ 500 ല്‍ താഴെ ലൈസന്‍സുകളാണ് നല്‍കിയിട്ടുള്ളതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ല്‍ 300 ല്‍ താഴെയും 2022 ല്‍ 238 ഉം പൈലറ്റ് ലൈസന്‍സുകളാണ് നല്‍കിയത്.