ഗോൾഡൻ ഗ്ലോബ് പോരാട്ടത്തിനിടെ കടലിൽ നിന്നുള്ള ജല സാമ്പിളുമായി മലയാളി അഭിലാഷ് ടോമി

By: 600021 On: May 19, 2023, 8:19 PM

ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മത്സരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ് റേസിന് ശേഷം നാല് കടലുകളിൽ നിന്നുള്ള ജലസാമ്പിളുകൾ ശേഖരിച്ച് നാവികൻ അഭിലാഷ് ടോമി. ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക്, വടക്കേ അറ്റ്ലാന്റിക്, ദക്ഷിണ അറ്റ്ലാൻ്റിക് സമുദ്രങ്ങളിൽ നിന്നുള്ള ജല സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കൂടുന്നത് കടലുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ആയിരുന്നു അഭിലാഷിന്റെ സാമ്പിൾ ശേഖരണം. ശേഖരിച്ച സാമ്പിളുകൾ അബുദാബിയിലെ ജി 42 ഹെൽത്ത് കെയറിൻ്റെ സെൻട്രൽ ടെസ്റ്റിംഗ് ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കും. മനുഷ്യൻറെ ഇടപെടലുകൾ ആഗോള തലത്തിൽ കടലിലെ ആവാസ വ്യൂഹത്തിന് സൃഷ്ടിക്കുന്ന സ്വാധീനം മനസ്സിലാക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിശോധനകൾ എന്ന് അഭിലാഷ് വ്യക്തമാക്കി. അഞ്ചു മില്ലിമീറ്ററിൽ കുറവുള്ള നൂറുകണക്കിന് വർഷം എടുത്താലും നശിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളെയാണ് മൈക്രോ പ്ലാസ്റ്റിക് ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം ചുറ്റിവരുന്ന മത്സരത്തില്‍ ചരിത്രം കുറിച്ച  രണ്ടാം സ്ഥാനത്ത് എത്തിയ അഭിലാഷ് ടോമി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ്.