ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം നടത്തുന്നവർക്ക് തടവ് ശിക്ഷയും പിഴയും; ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ തീരുമാനം

By: 600021 On: May 19, 2023, 6:54 PM

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളും സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. ഗവർണർ ഒപ്പ് വയ്ക്കുന്നതോടെ ഭേദഗതി വരുത്തിയ ഓർഡിനൻസ് നിലവിൽ വരും. ദേഹോപദ്രവത്തിനുള്ള ശിക്ഷ കൂടാതെ അക്രമം നടത്താൻ ശ്രമിക്കുകയോ, പ്രേരിപ്പിക്കുകയോ, ചെയ്യുന്നവർക്കും ആറുമാസം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും അൻപതിനായിരം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇത്തരത്തിലുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലകളിലും ഹൈക്കോടതി അനുമതിയുടെ പ്രത്യേക കോടതികൾ സ്ഥാപിക്കുകയും പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയോഗിക്കുകയും ചെയ്യും. എഫ്ഐആർ രജിസ്റ്റർ ചെയ്തു രണ്ടു മാസത്തിനുള്ളിൽ കേസ് അന്വേഷണവും ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കും.