പീസ് റിവറില്‍ മൂന്ന് തീപിടുത്തങ്ങള്‍; അന്വേഷണം ആരംഭിച്ച് ആര്‍സിഎംപി 

By: 600002 On: May 19, 2023, 8:04 AM


പീസ് റിവറില്‍ സംശയാസ്പദമായ സാഹചര്യത്തിലുണ്ടായ മൂന്ന് തീപിടുത്തങ്ങളെക്കുറിച്ച് ആര്‍സിഎംപി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തങ്ങള്‍ ഉണ്ടായിരിക്കുന്നത്. നൂറോളം കാട്ടുതീകള്‍ സജീവമായതിനാല്‍ പ്രവിശ്യയിലുടനീളം ഫയര്‍ ബാന്‍ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. 

ഹൈവേ 2 ആന്‍ഡ് 100 അവന്യുവിന് സമീപം പുലര്‍ച്ചെ 2. 30 ഓടെ പുല്‍ത്തകിടിക്ക് തീ പിടിച്ചതായി പോലീസ് പറയുന്നു. ഇവിടെ തീപിടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പീസ് റിവര്‍ ഹൈസ്‌കൂളിന് സമീപമുള്ള മറ്റൊരു പുല്‍ത്തകിടിക്കും തീപിടിച്ചു. രാവിലെ 8.5 ന് 93 അവന്യുവിലെ പോര്‍ട്ടാ-പോട്ടിയിലും തീപിടുത്തമുണ്ടായി. ഈ മൂന്ന് തീപിടുത്തങ്ങളും സംബന്ധിച്ച് ആര്‍സിഎംപി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

മൂന്നിടങ്ങളിലുമുണ്ടായ തീ നിയന്ത്രണ വിധേയമായെന്നും ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പീസ് റിവര്‍ ഫയര്‍ അധികൃതര്‍ പറഞ്ഞു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 780-624-6677 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.