ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍: 100 ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി വെസ്റ്റ്‌ജെറ്റ് 

By: 600002 On: May 19, 2023, 5:09 AM


പൈലറ്റുമാരുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതോടെ വ്യാഴാഴ്ച 100 ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ പണിമുടക്ക് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. വെസ്റ്റ്‌ജെറ്റ് പൈലറ്റുമാരും അനുബന്ധ സ്ഥാപനമായ സ്വൂപ്പിലുമുള്ള 1,800 പൈലറ്റുമാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുക.  

യൂണിയനുമായുള്ള ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണെന്നും വിമാനങ്ങള്‍ റദ്ദാക്കുക എന്ന നടപടി ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും വെസ്റ്റ്‌ജെറ്റ് സിഇഒ അലക്‌സിസ് വോണ്‍ ഹോണ്‍സ്‌ബ്രോച്ച് പറഞ്ഞു. വെസ്റ്റ്‌ജെറ്റ് വിമാനങ്ങള്‍ക്കായി ചൊവ്വാഴ്ച വരെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. 

പണിമുടക്കില്‍ റീജിയണല്‍ പൈലറ്റുമാര്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍, ബ്രിട്ടീഷ് കൊളംബിയയിലെയും ആല്‍ബെര്‍ട്ടയിലെയും ചെറിയ നഗരങ്ങളുമായി കാല്‍ഗറി ഹബ്ബിനെ ബന്ധിപ്പിക്കുന്ന വെസ്റ്റ്‌ജെറ്റ് എന്‍കോര്‍, വെസ്റ്റ്‌ജെറ്റ് ലിങ്ക് എന്നീ 47 വിമാനങ്ങളുടെ ഫ്‌ളീറ്റ് ഉള്‍പ്പെടെയുള്ള പ്രാദേശിക സര്‍വീസുകള്‍ തുടരുമെന്ന് അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോച്ച് അറിയിച്ചു.