സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച പുതിയ പാർലമെൻറ് മന്ദിരം ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. രാജ്യസഭയിലും ലോക സഭയിലുമായി 1224 എം പിമാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന മന്ദിരം നരേന്ദ്രമോദി സർക്കാരിൻ്റെ ഒൻപതാം വർഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. 970 കോടി രൂപ ചിലവിൽ 64,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൻ്റെ നിർമാണം ഏറ്റെടുതിരിക്കുന്നത് ടാറ്റ പ്രോജക്ട്സ് ആണ്. 2020 ൽ ആരംഭിച്ച പുതിയ മന്ദിരത്തിന്റെ നിര്‍മാണം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി തടസ്സപ്പെട്ടു. ലോക്‌സഭ, രാജ്യസഭ ഹാളുകൾ കൂടാതെ ലൈബ്രറി, മന്ത്രിമാരുടെ ഓഫീസുകള്‍, സമിതിയോഗങ്ങള്‍ക്കുള്ള മുറികള്‍, ഭക്ഷണശാല തുടങ്ങിയവയും പുതിയ പാർലമെൻറ് മന്ദിരത്തിൽ ഉണ്ടാകും.ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്‌സഭാ ചേംബര്‍.ജ്ഞാനദ്വാര്‍, ശക്തിദ്വാര്‍, കര്‍മദ്വാര്‍ എന്നിങ്ങനെ മൂന്ന് പ്രധാന കവാടങ്ങളാണ് മന്ദിരത്തിന് ഉള്ളത്.ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് രാജ്യസഭാ ചേംബർ.