ക്യുബെക് സ്വദേശിയായ വിക്ടർ മേസ്സൺ എന്ന 27 വയസ്സുള്ള യുവാവ് മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു. പോർട്ടോ എസ്ക്കോണ്ടിഡോ എന്ന തീരദേശ നഗരത്തിലാണ് സംഭവം. വിക്ടർ മേസ്സൺ സഞ്ചരിച്ച വാഹനത്തിന് അകത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണ് എന്ന് വ്യക്തമായിട്ടില്ല. ഒക്സാക്ക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സഗ്വിനെ-ലാക്-സെന്റ്-ജീൻ മേഖലയിലെ ഷികൗട്ടിമിയിൽ നിന്നുള്ള മേസ്സണിന്റെ കുടുംബം, അദ്ദേഹത്തിന്റെ മരണവാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഞെട്ടൽ പ്രകടിപ്പിക്കുകയും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഇടപെടാതിരിക്കുന്നതിനായി സ്വകാര്യത ആവശ്യപ്പെടുകയും ചെയ്തു. 'Danger' എന്ന വാക്ക് തനിക്ക് സന്ദേശമായി അയച്ചാൽ 911 ൽ വിളിക്കാൻ ആവശ്യപ്പെട്ട് മേസ്സൺ തനിക്ക് ഒരു വോയ്‌സ്‌മെയിൽ അയച്ചതായി മേസ്സണിന്റെ കാമുകി ഈവ കാസ്റ്റില്ലോ പറഞ്ഞു. സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്നുമാണ് ഈവ മേസ്സണിന്റെ മരണവാർത്ത അറിയുന്നത്. പ്രദേശത്ത് നടന്ന മറ്റൊരു ആക്രമണത്തിനു ശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്. അർജന്റീനിയൻ വിനോദസഞ്ചാരിയായ ബെഞ്ചമിൻ ഗാമൊണ്ട് എന്ന വ്യക്തിക്ക് ഒക്‌സാക്കയിലെ മറ്റൊരു തീരദേശ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആ കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ നിശ്ചയിച്ചിരുന്നതിനിടയിൽ ഇരയായ ഗാമൊണ്ട് മെക്സിക്കോ സിറ്റിയിലെ ഒരു ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.