നിലവിലുള്ള ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ലെത്ത്ബ്രിഡ്ജിലെ ചിനൂക്ക് റീജിയണൽ ഹോസ്പിറ്റലിലെ (CRH) ഫിസിഷ്യൻമാർ. ഇതുമൂലം രോഗികൾ വൈദ്യസഹായത്തിനായി കാത്തിരിക്കുന്ന സമയം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 13 എമർജൻസി ഡോക്ടർമാരടങ്ങുന്ന ഫിസിഷ്യന്മാരുടെ ഗ്രൂപ്പ്, തങ്ങളുടെ ആശങ്കകൾ വ്യക്തമാക്കിക്കൊണ്ട് ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 23 വർഷമായി CRH ൽ ജോലി ചെയ്ത ഡോ. കെവിൻ മാർട്ടിൻ, ലെത്ത്ബ്രിഡ്ജിലെ ശരാശരി കാത്തിരിപ്പ് സമയം നിലവിൽ രണ്ട് മണിക്കൂറിൽ താഴെയാണെന്നും മറ്റ് പ്രദേശങ്ങളിൽ ശരാശരി നാല് മുതൽ ആറ് മണിക്കൂർ വരെയാണ് ഇത് എന്നും പ്രസ്താവിച്ചു. എന്നിരുന്നാലും ഡോക്ടർമാരുടെ ക്ഷാമം കാരണം, കാത്തിരിപ്പ് സമയം അതിന് അനുസൃതമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ, ലഭ്യമായ മുഴുവൻ സമയ ഫിസിഷ്യന്മാരുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവുണ്ട്, ഇത് മെയ്, ജൂൺ മാസങ്ങളിൽ ഡോക്‌ടർമാരുടെ സേവനം കുറയുന്നതിനും ജൂലൈയിൽ കടുത്ത ക്ഷാമത്തിനും കാരണമാകുന്നു. വരാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫിസിഷ്യന്മാരുടെ ഈ ക്ഷാമം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. പ്രാദേശിക സ്ഥാനാർത്ഥികൾ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. പ്രവിശ്യയിലെ ആരോഗ്യ അധികാരസ്ഥാപനമായ ആൽബെർട്ട ഹെൽത്ത് സർവീസസ് (AHS) സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടപ്പിലാക്കിവരുന്നുണ്ട് എന്ന് അറിയിച്ചു. കാലതാമസം ഉണ്ടെങ്കിലും മെഡിക്കൽ എമർജൻസി ഉണ്ടെങ്കിൽ പ്രദേശവാസികൾ വൈദ്യസഹായം തേടണം എന്ന് അധികാരികൾ നിർദ്ദേശിക്കുന്നു.