ആല്‍ബെര്‍ട്ട കാട്ടുതീ: സമ്മര്‍ സീസണിലുടനീളം തുടര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ 

By: 600002 On: May 18, 2023, 1:37 PM

 

ആല്‍ബെര്‍ട്ടയില്‍ വ്യാപിക്കുന്ന കാട്ടുതീയും തീ അണയ്ക്കാനുള്ള പ്രവിശ്യയുടെ കഠിനമായ ശ്രമങ്ങളും സമ്മര്‍സീസണിലുടനീളം നീണ്ടുനിന്നേക്കാമെന്ന് വിദഗ്ധര്‍. നൂറിലധികം തീപിടുത്തങ്ങളുണ്ടാകുമ്പോള്‍ നീണ്ട പരിശ്രമങ്ങള്‍ ആവശ്യമായി വരുന്നു. തീ നിയന്ത്രണ വിധേയമാക്കുക എന്നത് വലിയൊരു കടമ്പയായി മാറുന്നുവെന്നും ആല്‍ബെര്‍ട്ട വൈല്‍ഡ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോസി സെന്റ് ഓംഗെ പറയുന്നു. ഒരു സ്ഥലത്ത് നിന്നും തുടങ്ങി മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന കാട്ടുതീ പ്രവിശ്യയില്‍ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നു. ജന്തുജാലങ്ങലുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. വായു മലിനീകരണം ഉണ്ടാകുന്നു. വേനല്‍ക്കാലത്ത് മുഴുവന്‍ ഈ സ്ഥിതി തുടര്‍ന്നേക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്. 

ബുധനാഴ്ച വരെ ആല്‍ബെര്‍ട്ടയിലെ വന സംരക്ഷണ മേഖലകളില്‍ 91 ഓളം കാട്ടുതീകളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 27 എണ്ണം നിയന്ത്രണാതീതമാണെന്ന് ആല്‍ബെര്‍ട്ട വൈല്‍ഡ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് പറയുന്നു. 

അതേസമയം, പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുക വിവിധയിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് തീ കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. വെസ്റ്റ് സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലെ ആളുകള്‍ രണ്ടാഴ്ചയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങുകയാണെന്ന് മേയര്‍ അറിയിച്ചു. തീ നിയന്ത്രണാതീതമായപ്പോള്‍ വീടുകള്‍ വിട്ട് പോകേണ്ടി വന്നത് ആയിരക്കണക്കിനാളുകള്‍ക്കാണ്. തീ നിയന്ത്രണ വിധേയമായെന്ന വാര്‍ത്ത വലിയൊരാശ്വാസമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഒഴിയാന്‍ നിര്‍ബന്ധിതരായ കുടുംബങ്ങള്‍ പ്രതികരിച്ചു.