കാനഡയിലെ കൗമാരക്കാര്‍ക്ക് റൈഡ് ഷെയര്‍ അക്കൗണ്ടുകള്‍ സജ്ജീകരിക്കാന്‍ ഊബറിന്റെ അനുമതി 

By: 600002 On: May 18, 2023, 10:08 AM


മാര്‍ക്കറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാനഡയിലെ കൗമാരക്കാര്‍ക്ക് സമ്മര്‍ സീസണില്‍ റൈഡ് ഷെയര്‍ അക്കൗണ്ടുകള്‍ സജ്ജമാക്കാന്‍ അനുവാദം നല്‍കി ഊബര്‍. 13 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ അനുവാദം നല്‍കുമെന്ന് ഗ്ലോബല്‍ പ്രൊഡക്റ്റ് ഷോകേസ് ചടങ്ങില്‍ കമ്പനി പ്രഖ്യാപിച്ചു. വെസ്റ്റേണ്‍ കാനഡ, ക്യുബെക്ക് എന്നിവടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി തുടങ്ങും. ഇതിന് പിന്നാലെ ഒന്റാരിയോയിലും നോവ സ്‌കോഷ്യയിലും ആരംഭിക്കും. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഊബര്‍ അക്കൗണ്ട് ഉപയോഗിക്കുന്നതും ഇതിലേക്ക് വിളിക്കുന്നതും വിലക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും വ്യതിചലിച്ചാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. 

ഇന്നിസ്ഫില്‍ ട്രാന്‍സിറ്റിനായി ഊബറിന് റൈഡ്-ഹെയ്‌ലിംഗ് പങ്കാളിത്തമുണ്ട്. തുടര്‍ന്ന് കഴിഞ്ഞ ശരത്കാലത്തില്‍ കാല്‍ഗറിയില്‍ തുടക്കം കുറിച്ചു. 

അതേസമയം, കൗമാരക്കാര്‍ വളരെക്കാലമായി ഊബര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചില പഠനങ്ങളും ഓണ്‍ലൈന്‍ ഫോറങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്നയാളുടെ സഹായത്തോടെയാണ് കുട്ടികള്‍ ഊബര്‍ റൈഡ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത് സംബന്ധിച്ച് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

റൈഡിനായി കൗമാരക്കാരായ കുട്ടികള്‍ റിക്വസ്റ്റ് അയക്കുമ്പോള്‍ ടീന്‍ അക്കൗണ്ട് വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് അറിയിപ്പായി നല്‍കും. അതിനാല്‍ മുതിര്‍ന്നവര്‍ക്ക് യാത്ര ട്രാക്ക് ചെയ്യാനും ഡ്രൈവറെയോ അവരുടെ കുട്ടിയെയോ ഊബറിന്റെ ആപ്പ് വഴി ബന്ധപ്പെടാനും അക്കൗണ്ടുകള്‍ അനുവദിക്കും.