ഈ വേനൽക്കാലത്ത് 200-ലധികം പ്രോജക്ടുകളുമായി എഡ്‌മന്റനിൽ നിർമ്മാണ സീസൺ ഔദ്യോഗികമായി ആരംഭിച്ചു. പഴയതായ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളും സമീപപ്രദേശങ്ങളും മെച്ചപ്പെടുത്തുന്നതിൽ നിക്ഷേപം നടത്താനാണ് നഗരം ലക്ഷ്യമിടുന്നത്. താൽക്കാലിക അസൗകര്യങ്ങളെ അംഗീകരിച്ചുകൊണ്ടു തന്നെ, ബിസിനസ് പ്രതിനിധി ജാമി ഹേവാർഡ്, വസ്തു മൂല്യ വർദ്ധനവ്, പ്രാദേശിക ബിസിനസുകളുടെ വളർച്ച തുടങ്ങിയ ദീർഘകാല നേട്ടങ്ങൾക്ക് ഊന്നൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 100 കിലോമീറ്ററിലധികം റോഡുകളും നടപ്പാതകളും 23 കിലോമീറ്റർ ഇടവഴികളും നവീകരിക്കുന്ന രീതിയിലാണ് നിർമാണ പദ്ധതികൾ. യെല്ലോഹെഡ് ട്രെയ്ൽ ഫ്രീവേ പുതുക്കിപണിയുന്നത്, 50th സ്ട്രീറ്റിന്റെ വീതി കൂട്ടൽ എന്നിവയുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളും തുടരും. ഈ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകാൻ പോകുന്ന തൊഴിലവസരങ്ങൾ, സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കൽ എന്നിവയെ കുറിച്ച് എഡ്മണ്ടൺ മേയർ അമർജീത് സോഹി എടുത്തുപറഞ്ഞു.
മെട്രോ ലൈൻ നോർത്ത് വെസ്റ്റ്, വാലി ലൈൻ വെസ്റ്റ് എന്നീ പ്രൊജക്റ്റുകൾക്കൊപ്പം LRT നെറ്റ്‌വർക്കിന്റെ വിപുലീകരണത്തിനും പുതുക്കലിനും മുൻഗണന നൽകിയിട്ടുണ്ട്. എന്നിരുന്നാലും, പരിശോധനയും പ്രവർത്തനപരമായ വെല്ലുവിളികളും കാരണം വാലി ലൈൻ സൗത്ത് ഈസ്റ്റ് LRT യുടെ ഉദ്ഘാടന തീയതി അനിശ്ചിതത്വത്തിലാണ്. കൂടാതെ, പ്രവിശ്യയിലുടനീളമുള്ള ഹൈവേ റോഡ് നിർമ്മാണ പദ്ധതികളുടെ തുടക്കം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ റോഡ്, പാലം പദ്ധതികൾക്കായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 2.3 ബില്യൺ ഡോളർ അനുവദിക്കാൻ ആൽബർട്ട പദ്ധതിയിടുന്നുണ്ട്.