മണിപ്പൂർ കലാപം; ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ വിഷയമാണെന്ന് സുപ്രീംകോടതി

By: 600021 On: May 17, 2023, 5:58 PM

മണിപ്പൂരിൽ കലാപം നിയന്ത്രിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തതിനെതിരെ സുപ്രീംകോടതി.  സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം രാഷ്ട്രീയ അധികാരികൾ ഉറപ്പുവരുത്തേണ്ടത് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആക്രമിക്കപ്പെട്ടവർക്ക്  നൽകിയ സുരക്ഷ, ദുരിതാശ്വാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു.  കുകി ഉൾപ്പെടെ ആദിവാസി വിഭാഗങ്ങൾക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും, വിലയിരുത്താനും ചീഫ് സെക്രട്ടറിക്കും അദ്ദേഹത്തിൻറെ സുരക്ഷ ഉപദേഷ്ടാവിനും കോടതി ഉത്തരവ് നൽകി. സംഘർഷത്തിൽ ഇതുവരെ 50 പേർ കൊല്ലപ്പെട്ടതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇംഫാൽ മലനിരകളിൽ താമസിക്കുന്ന മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് മണിപ്പൂരിൽ സംഘർഷം  തുടങ്ങിയത്.