കാൽഗറിയിൽ എയർ ക്വാളിറ്റി മോശമായതിനെ തുടർന്ന് ആരോഗ്യസംരക്ഷണ നിർദ്ദേശങ്ങളുമായി അധികൃതർ

By: 600110 On: May 17, 2023, 6:19 AM

 

 

സമീപപ്രദേശങ്ങളിൽ കാട്ടുതീ പടരുന്നതുമൂലം കാൽഗറിയിൽ അസഹ്യമായ പുക അനുഭവപ്പെടുന്നു. ഇതേത്തുടർന്ന് എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്‌സ് (AQHI) പരമാവധി ലെവലിലെത്തിയിരിക്കുകയാണ്. കുറഞ്ഞ അപകടസാധ്യതയുള്ള 3 എന്ന റേറ്റിംഗിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 10+ എന്ന ഉയർന്ന റേറ്റിംഗിലേക്ക് AQHI ഉയർന്നു. ഈ അവസരത്തിൽ എൻവയൺമെന്റ് കാനഡ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ വീടിനു പുറത്ത് കഠിനമായ ജോലികൾ ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. അതോടൊപ്പം കുട്ടികളും പ്രായമായവരും ശ്രദ്ധിക്കണം എന്നും നിർദ്ദേശമുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള MERV ഫിൽട്ടറുകൾ ഉപയോഗിക്കാനും HVAC സിസ്റ്റങ്ങളിലൂടെ വായു കടത്തിവിടാനും വാതിലുകളും ജനലുകളും അടച്ചിടാനും പോർട്ടബിൾ HEPA എയർ ക്ലീനറുകൾ ഉപയോഗിക്കാനും എൻവയൺമെന്റ് കാനഡ ശുപാർശ ചെയ്യുന്നു. പുറത്ത് ജോലി ചെയ്യുന്ന ആളുകൾ പുകയിലെ സൂക്ഷ്മ കണികകൾ ബാധിക്കാതിരിക്കുന്നതിനായി റെസ്പിറേറ്ററി മാസ്കുകൾ ധരിക്കണം. എഡ്മന്റണിൽ ഇതിലും മോശമായ വായു നിലവാരമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ആൽബർയിൽ 87 ഇടങ്ങളിലാണ് കാട്ടുതീ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവയിൽ ചിലത് നിയന്ത്രണാതീതവുമാണ്. ബുധനാഴ്ചയോടെ വായുവിന്റെ ഗുണനിലവാരം അല്പം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.