പോലീസ് ഉദ്യോഗസ്ഥരുടെ ശരീരഭാരസൂചിക ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും പോലീസ്, ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കുമെന്നും അസ്സം ഡിജിപി ജി പി സിംഗ് അറിയിച്ചു. ശാരീരിക ക്ഷമതയുള്ള സേനയെ ലക്ഷ്യം വച്ചുള്ള പരിശോധനയിൽ ആരോഗ്യമുള്ളവരെ നിലനിർത്തി മറ്റുള്ളവരെ ക്രമേണ സേനയിൽ നിന്നും ഒഴിവാക്കിയേക്കും. പോലീസ് ഉദ്യോഗസ്ഥർക്ക് അമിത ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൂന്നുമാസം സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവിൽ ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ സ്വയം വിരമിക്കലിന് ആവശ്യപ്പെടുമെന്നും ഓഗസ്റ്റ് 15ന് ശേഷം ബി എം ഐ പരിശോധന ആരംഭിക്കുമെന്നും ഡിജിപി ട്വിറ്ററിൽ കുറിച്ചു. സ്ഥിരമായി മദ്യപിക്കുന്നവരും അമിതവണ്ണം ഉള്ളവരും അടക്കം 650 ൽ അധികം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സേനയുടെ അച്ചടക്കം പാലിക്കാത്ത ഉദ്യോഗസ്ഥരുടെ എണ്ണവും ഉന്നതതലത്തിൽ ശേഖരിച്ചിട്ടുണ്ട്. ഡ്യൂട്ടിക്ക് യോഗ്യത ഇല്ലെന്ന് കണ്ടെത്തുന്ന പക്ഷം സ്വമേധയാ വിരമിക്കേണ്ടി വരുമെന്നും പട്ടികയിൽ ഉള്ളവരെ നിരീക്ഷിക്കാൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്നും ഡിജിപി വ്യക്തമാക്കി.