ഷിർദി സായി ക്രിയേഷൻസ് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ പി കെ ആർ പിള്ള ( 92) അന്തരിച്ചു. തൃശ്ശൂർ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദം ചിറയിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു. ഏറെ നാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. 16 ചിത്രങ്ങൾ നിർമ്മിക്കുകയും എട്ടു ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വന്ദനം, ചിത്രം, കിഴക്കുണരും പക്ഷി, ഊമ പെണ്ണിന് ഉരിയാടാ പയ്യൻ തുടങ്ങിയവയാണ് നിർമ്മിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ ആണ് അദ്ദേഹം നിർമ്മിച്ച അവസാന ചിത്രം.