വെസ്റ്റേൺ കാനഡയിൽ മെയ് മാസത്തിലെ ഉഷ്ണതരംഗം അസാധാരണം, കരുതൽ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By: 600110 On: May 16, 2023, 6:16 PM

 

 

മെയ് മാസത്തിൽ വെസ്റ്റേൺ കാനഡയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സാധാരണയേക്കാൾ 10 മുതൽ 15 ഡിഗ്രി വരെ ഉയർന്ന താപനിലയുള്ളതുമായ ഉഷ്ണതരംഗം ആശങ്ക പരത്തുന്നു. സാധാരണ വേനൽക്കാല തയ്യാറെടുപ്പുകൾക്ക് ഉപരിയായി ഈ ഉഷ്ണതരംഗത്തെ നേരിടാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന ഉയർന്ന താപനില മെയ് മാസത്തിൽ വളരെ അസാധാരണമാണെന്നും വരും വർഷങ്ങളിൽ പ്രദേശത്ത് കൂടുതൽ താപ തരംഗങ്ങൾ പ്രതീക്ഷിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബ്രിട്ടിഷ് കൊളംബിയയിൽ 2021 ജൂണിൽ ഉണ്ടായതിന്റെ അത്രയും രൂക്ഷമല്ലെങ്കിലും, ഇപ്പോഴത്തെ ഉഷ്ണതരംഗം കാട്ടുതീയും വെള്ളപ്പൊക്ക സാധ്യതയും വർദ്ധിപ്പിക്കുകയും താപനില റെക്കോർഡുകൾ തകർക്കുകയും ചെയ്യുന്നു.

ചൂടേറിയ ഒരു ഭാവിയുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറയുന്നു. കൂടുതൽ ചൂട് ആഗിരണം ചെയ്യുന്ന നഗരപ്രദേശങ്ങളെക്കുറിച്ച് പ്രത്യേക ആശങ്ക നിലനിൽക്കുകയാണ്. ഉയർന്ന താപനില മഞ്ഞ് ഉരുകുന്നതിനെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകുന്നു. വെള്ളപ്പൊക്ക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇൻഷുറൻസ് പരിരക്ഷയില്ലാതെ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി സംഭാവനകളും ശേഖരിക്കുന്നുണ്ട്.