മയക്കുമരുന്ന് കേസിൽ അമേരിക്ക അന്വേഷിച്ചിരുന്ന കൊടുംകുറ്റവാളിയെ കാനഡ കൈമാറി

By: 600110 On: May 16, 2023, 6:14 PM

 

 

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇടം നേടിയ കുറ്റവാളിയെ കാനഡ കൈമാറി. ലാവോസിലും കാനഡയിലുമായി ഇരട്ട പൗരത്വമുള്ള കഫോൺ സിഷാന്ത എന്ന 41 കാരനാണ് പ്രതി. 2003 നും 2011 നും ഇടയിലായി മെത്താംഫീറ്റമീൻ, BZP, എക്സ്റ്റസി, മരിയ്വാന എന്നീ മയക്കുമരുന്നുകൾ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ക്രിമിനൽ കേസുകളിൽ അകപ്പെട്ട് ഇയാൾ മുൻപൊരിക്കൽ കാനഡയിൽ വീട്ടുതടങ്കലിലായിരുന്നെങ്കിലും അവിടെ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെടുകയാണ് ഉണ്ടായത്. പിന്നീട് ഇയാൾ അമേരിക്കയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇടം പിടിച്ചു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാമായി $25000 വരെ യു. എസ്. ഹോംലാന്റ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ പ്രഖ്യാപിച്ചിരുന്നു. ശേഷം 2017 ലാണ് ഇയാൾ അറസ്റ്റിലാവുന്നത്. വ്യാഴാഴ്ച്ചയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. യു. എസ്. അന്വേഷണ ഏജൻസികളേയും കനേഡിയൻ അധികാരികളേയും യു. എസ്. അറ്റോർണിയായ ഡോൺ എൻ. ഐസൺ അഭിനന്ദിച്ചു. സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം കുറ്റവാളികളെ പിടികൂടുവാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനം സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.