കാന്‍സര്‍ രോഗികളെ റേഡിയേഷന്‍ ട്രീറ്റ്‌മെന്റിനായി യുഎസിലേക്ക് അയക്കുമെന്ന് ബീസി സര്‍ക്കാര്‍. ആഴ്ചയില്‍ 50 പേരെ അയക്കാനാണ് പദ്ധതിയെന്ന് പ്രഖ്യാപന വേളയില്‍ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് പറഞ്ഞു. മെയ് 29 മുതല്‍ വാഷിലെ ബെല്ലിംഗ്ഹാമിലെ രണ്ട് പാര്‍ട്ണര്‍ ക്ലിനിക്കുകളിലൊന്നില്‍ രോഗികള്‍ക്ക് റേഡിയേഷന്‍ തെറാപ്പി നടത്താനുള്ള അവസരമൊരുക്കുമെന്ന് ബീസി കാന്‍സര്‍ അധികൃതര്‍ അറിയിച്ചു. ഇതിനായി ബെല്ലിംഗ്ഹാമിലെ പീസ് ഹെല്‍ത്ത് സെന്റ് ജോസഫ് കാന്‍സര്‍ സെന്ററുമായും നോര്‍ത്ത് കാസ്‌കേഡ് കാന്‍സര്‍ സെന്ററുമായും കരാറൊപ്പിട്ടതായി ഡിക്‌സ് പറഞ്ഞു.
ബീസിയില്‍ ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗകര്യവും ശേഷിയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.