സതേൺ ആൽബെർട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയുടെ (SAIT) 2023 പ്രെസിഡെൻഷ്യൽ മെഡൽ നേടി കാൽഗറി മലയാളിയായ സനൂപ് സാദിഖ്. വിവര സാങ്കേതികവിദ്യയിലൂടെ ശാക്തീകരണം നൽകുന്നതിനുള്ള സനൂപിന്റെ നിശ്ചയദാർഢ്യത്തിനും പ്രതിബദ്ധതയ്ക്കുമായാണ് സനൂപിന് ഈ അവാർഡ് ലഭിച്ചത്. കോളേജിനും, സഹപാഠികൾക്കും, സമൂഹത്തിനും, വ്യവസായ മേഖലയ്ക്കും അവസരങ്ങളും പുതുമകളും സൃഷ്ടിക്കുവാൻ മുൻകൈ എടുക്കുന്ന വിദ്യാർത്ഥിക്കോ, ഗ്രൂപ്പിനോ യൂണിവേഴ്സിറ്റികൾ നൽകുന്ന അംഗീകാരമാണ് പ്രെസിഡെൻഷ്യൽ അവാർഡ് .
2019-ൽ ദുബായിൽ നിന്നും കാൽഗറിയിലേക്ക് ചേക്കേറിയ സനൂപും കുടുംബവും, മറ്റേതൊരു ഇമിഗ്രന്റിന്റെ പോലെ തന്നെ ദുർഘട ഘട്ടങ്ങളിലൂടെ കടന്നു പോയിരുന്നു. സ്കൂൾ ബസ്സ് ഡ്രൈവർ ജോലിയോടൊപ്പം,ഊബർ ഡെലിവെറിയും ചെയ്താണ് സനൂപ് തന്റെ പഠനം പൂർത്തിയാക്കിയത്. ഈ കാലഘട്ടത്തിൽ കാൽഗറി പബ്ലിക് ലൈബ്രറിയിൽ ടെക് മെന്ററായും, ഫുഡ് ബാങ്കിലും സനൂപ് വോളന്റീറിങ് ചെയ്തിരുന്നു. പലവട്ടം ഫുഡ് ഡെലിവറിക്കായി സെയിറ്റ് ക്യാമ്പസ്സിൽ എത്തിയിട്ടുള്ള സനൂപ്, ഒരിക്കലും വിചാരിച്ചിരുന്നില്ല ആ കാമ്പസിൽ പഠിച്ച് അവിടുത്തെ ഉയർന്ന അംഗീകാരത്തിന് അർഹനാവുമെന്ന്. വിവര സാങ്കേതിക വിദ്യ മനസിലാക്കുവാൻ ആളുകളെ സഹായിക്കുക എന്ന സനൂപിന്റെ അഭിനിവേശത്തെ തുടർന്നാണ് കേരളത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീറിയറിങ്ങും, മാർക്കെറ്റിങ്ങിൽ എം.ബി.യെ നേടി ഏകദേശം പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് സനൂപ് SAIT-ൽ ഇൻഫർമേഷൻ ടെക്നോളജി പ്രോഗ്രാമിൽ ചേരാൻ തീരുമാനിച്ചത്.
സെയിറ്റിലെ പഠനം പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് തന്നെ SAIT-ന്റെ ഐടി ടീമിൽ സനൂപിന് ജോലി ലഭിച്ചിരുന്നു. 2023 ജനുവരിയിൽ, സെയിറ്റ് സ്കൂൾ ഫോർ അഡ്വാൻസ്ഡ് ഡിജിറ്റൽ ടെക്നോളജിയിൽ (SADT) പാർട്ട് ടൈം ഇൻസ്ട്രക്ടറായി ജോലിയിൽ പ്രവേശിക്കുകയും, 2023 മെയ് മാസം മുതൽ, SADT, സെയിറ്റ് സ്കൂൾ ഓഫ് ബിസിനസ് എന്നിവയിൽ ഫുൾ ടൈം ഫാക്കൽറ്റി അംഗമായി ജോലി ചെയ്യുകയാണ് സനൂപ്.
തൃശൂർ കൊടുങ്ങല്ലൂർ നിവാസികളായ മുഹമ്മദ് സാദിഖ്, സീന സാദിഖ് ദമ്പതികളുടെ മകനായ സനൂപ് സാദിഖ്, ഭാര്യയായ അഞ്ചൂം, കുട്ടികളായ സാറ, ലാന എന്നിവരോടൊപ്പം കാൽഗറിയിൽ താമസിക്കുന്നു.