പഠനത്തോടൊപ്പം ജോലി ഉടൻ; വിദ്യാർഥികൾ വിദേശ പഠനത്തിന് പോകുന്നതിൽ ഉത്കണ്ഠ വേണ്ടെന്ന് മുഖ്യമന്ത്രി

By: 600021 On: May 15, 2023, 7:08 PM

വിദേശരാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിൽ യാഥാർഥ്യമാക്കും എന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന കാര്യത്തിൽ ഉത്കണ്ഠ വേണ്ടെന്നും, ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വർഷവും കേരളത്തിലെ നാല് ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നു എന്നാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് കേരളത്തെക്കാൾ കൂടുതലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ്  സർക്കാരിനെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർവ്വകലാശാലകൾ, കലാലയങ്ങൾ എന്നിവയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരികയാണ്. ലോക ദേശീയ തലങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ പിന്നിലായിരുന്ന ഘട്ടത്തിൽ അവയെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടതായും മുഖ്യമന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഗൗരവമായാണ് സർക്കാർ കാണുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.