ആൽബെർട്ടയിലെ വാടക നിരക്കിൽ ഗണ്യമായ വർധനവ് ഉണ്ടായതായി വാടകക്കാരുടെ അനുകൂല സംഘടനയായ ACORN പറയുന്നു. വാടകക്കാരെ സംരക്ഷിക്കാനും വാടക നിയന്ത്രണ നടപടികൾ നടപ്പിലാക്കാനും സർക്കാർ ഇടപെടണമെന്നും സംഘടന ആവശ്യപ്പെടുന്നു. മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുക്കുന്നതിനുള്ള ചിലവ് മുൻവർഷത്തെ അപേക്ഷിച്ച് 20% വർദ്ധിച്ചതായി ACORN പ്രസ്‌താവിക്കുന്നു. വാടയ്ക്ക് ഇടം ലഭിക്കുന്നതിനും വലിയ ക്ഷാമം നേരിടുന്നുണ്ട്.
കുടുംബത്തോടൊപ്പം കാൽഗറിയിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്ന പലരും ഇപ്പോൾ താങ്ങാനാവാത്ത വാടകയുടെ സാഹചര്യം കാരണം എഡ്മന്റനിലേക്ക് മാറാൻ ആലോചിക്കുന്നു. വാടക നിയന്ത്രണം ആവശ്യപ്പെട്ട് ACORN കാൽഗറിയിൽ ഒരു മാർച്ച് സംഘടിപ്പിച്ചു. ഈ പ്രശ്നത്തിന് മുൻഗണന നൽകണമെന്ന് രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആൽബർട്ടയിൽ നിലവിൽ വാടക നിയന്ത്രണം സംബന്ധിച്ച നടപടികളൊന്നും ഇല്ല. ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് ACORN ഊന്നിപ്പറയുന്നു. നിർദിഷ്ട വാടക നിയന്ത്രണ നിയമത്തിൽ വാടക വർദ്ധനവ് പരമാവധി രണ്ട് ശതമാനമായി നിജപ്പെടുത്തണം എന്നും അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു വാടക രജിസ്ട്രി സ്ഥാപിക്കണം എന്നും നിർദ്ദേശിച്ചിരിക്കുന്നു.